കൊച്ചി: ആലുവയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ പറ്റിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി പി. രാജീവ്. നടപടി അതീവ ക്രൂരവും ഞെട്ടൽ ഉളവാക്കുന്നതുമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. എന്ത് നൽകിയാലും കുടുംബത്തിന്റെ നഷ്ടം നികത്താൻ കഴിയില്ല. പണം തട്ടിയെടുത്ത നടപടിയെ ഈ നാട് അംഗീകരിക്കില്ലെന്നും കുറ്റക്കാർക്ക് എതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി.
നീതീകരിക്കാനാകാത്ത തെറ്റ് എന്ന് ആലുവ എംഎൽഎ അൻവർ സാദത്തും പ്രതികരിച്ചു. സംഭവത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. ഹസീനയുടെ ഭർത്താവ് മുനീറാണ് കുടുംബത്തെ കബളിപ്പിച്ച് 1,20,000 രൂപ തട്ടിയെടുത്തത്.
സംഭവം പുറത്തായത്തിന് പിന്നാലെ തട്ടിപ്പ് നടന്നില്ലെന്നു മാധ്യമങ്ങളോട് പറയാൻ മുനീർ കുട്ടിയുടെ അച്ഛനെ സമീപിച്ചു. കുടുംബം വഴങ്ങാതെ വന്നതോടെ പണം തിരിച്ചു നൽകിയാണ് മുനീർ നാണക്കേടിൽ നിന്ന് തലയൂരിയത്.
പലകാരണങ്ങൾ പറഞ്ഞ് ഓഗസ്റ്റ് അഞ്ച് മുതൽ പത്ത് വരെ ദിവസവും ഇരുപതിനായിരം രൂപ വീതം മൊത്തം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് പെൺകുട്ടിയുടെ അച്ഛനിൽ നിന്ന് മുനീർ വാങ്ങിയത്. പറ്റിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ കുടുംബം പരാതിയുമായി നേതാക്കളെ സമീപിച്ചു. എന്നിട്ടും പണം ലഭിക്കാതെ വന്നതോടെ ആണ് പരാതിയുമായി രംഗത്ത് വന്നത്.
വാർത്ത പുറത്ത് വന്നതോടെ മുനീർ എല്ലാം നിഷേധിച്ചു. പിന്നീട് വാർത്ത കളവാണെന്ന് പറയണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛനെ ഫോണിൽ വിളിച്ചു. പക്ഷെ ഈ ആവശ്യം അച്ഛൻ തള്ളി. ഇതുൾപ്പെടെ മാധ്യമങ്ങൾ തുറന്നു കാട്ടിയതോടെ ഒരു സുഹൃത്തിന്റെ കയ്യിൽ തിരിച്ച് നൽകാനുള്ള മുഴുവൻ പണവും കൊടുത്തുവിട്ടു. പണം ലഭിച്ചെന്നും ഇനി പരാതിയില്ലെന്നും കുട്ടിയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു