റാസല്‍ഖൈമ: അർബുദത്തിനെതിരായ പ്രതിരോധ-ബോധവത്കരണ പരിപാടിയുടെ ഭാഗമായി റാസല്‍ഖൈമയില്‍ ശനിയാഴ്ച ടെറി ഫോക്സ് റണ്‍ നടക്കും. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ സഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ചാരിറ്റിയും ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനുമായി സഹകരിച്ച് നടക്കുന്ന പരിപാടിയില്‍ എല്ലാവിഭാഗം ആളുകള്‍ക്കും പങ്കാളികളാകാം.
അല്‍ ഖാസിം കോര്‍ണീഷ് റോഡില്‍ രാവിലെ ഒമ്പതിന് തുടങ്ങുന്ന പരിപാടിയുടെ രജിസ്ട്രേഷന് രാവിലെ ഏഴ് മുതല്‍ ആരംഭിക്കും. രാവിലെ ആറു മുതല്‍ അൽഖാസിം കോര്‍ണീഷ് റോഡില്‍ ഗതാഗത നിയന്ത്രണമേർപ്പെടുത്തും. റാക് അക്കാദമി, ശൈഖ് സായിദ് മസ്ജിദ് തുടങ്ങിയിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.
ഇലക്ട്രിക് സ്കൂട്ടറുകള്, ബൈക്കുകള്‍, നായ്ക്കള്‍ എന്നിവക്ക് ടെറി ഫോക്സ് റണ്ണില്‍ നിരോധമുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാം.
എല്ലാ വിഭാഗം ജനങ്ങളുടെയും ഒരുമിച്ച പ്രവര്‍ത്തനം സമൂഹത്തില്‍ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അര്‍ബുദത്തിനെതിരായ പോരാട്ടം ഊർജ്ജസ്വലമാക്കുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു