ജിദ്ദ: പുതിയ സൗത്ത് അബ്ഹൂർ ബീച്ച് വാട്ടർ ഫ്രണ്ട് വികസന പദ്ധതി മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ ഉദ്ഘാടനം ചെയ്തു. 2,05,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 2.7 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് പുതിയ വികസനപദ്ധതി. പുതുതായി വികസിപ്പിച്ച ബീച്ച് പ്രദേശത്തേക്ക് വ്യാഴാഴ്ച മുതൽ സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും പ്രവേശനം അനുവദിക്കും. വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വികസന സംരംഭങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് വാട്ടർഫ്രണ്ട് വികസന പദ്ധതി.
കടൽ നടപ്പാത, കടൽ കാഴ്ചക്കുള്ള സൈക്കിൾ പാത, പൊതുജനങ്ങൾക്കുള്ള ഹരിത ഇടങ്ങൾ, പാർക്കിങ് സ്ഥലങ്ങൾ, കുട്ടികൾക്കായി വിവിധ ഗെയിമുകൾ, കടൽപ്പാലം, കെട്ടിടങ്ങൾ, നീന്താനും ആസ്വദിക്കാനും ഇരിക്കാനും മണൽ നിറഞ്ഞ ബീച്ചുകൾ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ വികസന പദ്ധതി.
വൈദ്യുതി സംവിധാനവും മലിനജല ശൃംഖലകളും മഴവെള്ളം ഒഴിഞ്ഞു പോവുന്നതിനും വെള്ളപ്പൊക്ക സാധ്യത തടയുന്നതിനുമായി ഡ്രെയിനേജ് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളും പൂർണമായും സജ്ജീകരിച്ചിരിക്കുന്നു. പ്രദേശത്ത് ഒരുക്കിയ കൺട്രോൾ റൂമിൽ മുഴുവൻ സ്ഥലങ്ങളെയും നിരീക്ഷിക്കാൻ കഴിയുന്ന അത്യാധുനിക കാമറകളും സജ്ജീകരിച്ചിട്ടുണ്ട്.
ചെങ്കടൽ തീരത്തെ കാൽനടക്കാരുടെയും സന്ദർശകരുടെയും അനുഭവം മെച്ചപ്പെടുത്തുന്നതിനും അവർക്ക് ആകർഷകമായ സമുദ്ര വിനോദസഞ്ചാര അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഹരിത ഇടങ്ങളുടെയും വിനോദ മേഖലകളുടെയും പ്രതിശീർഷ വിഹിതം വർധിപ്പിക്കുന്നതിനും നടത്തുന്ന ജിദ്ദ നഗരസഭയുടെ പരിശ്രമങ്ങളുടെ ഭാഗമായാണ് അബ്ഹൂർ ബീച്ച് വികസനം നടപ്പിലാക്കിയിരിക്കുന്നത്.
ഉദ്ഘാടന വേദിയിൽ പുതിയ ‘ബഹ്ജ പദ്ധതി’ എന്ന പേരിലുള്ള മറ്റൊരു പദ്ധതിയുടെ പ്രഖ്യാപനത്തിനും സാക്ഷ്യം വഹിച്ചു. രാജ്യത്തുള്ള എല്ലാ നഗരങ്ങളിലും താമസിക്കുന്നവർക്ക് അനുയോജ്യമായ ഒരു നഗര അന്തരീക്ഷം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നതാണ് ‘ബഹ്ജ പദ്ധതി’. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും അഭിലാഷങ്ങൾക്ക് അനുയോജ്യമായ മികച്ച ഡിസൈൻ മാനദണ്ഡങ്ങൾക്കനുസൃതമായി ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന പാർക്കുകളും പൊതു ഇടങ്ങളും സൃഷ്ടിക്കുന്നതിനാണിത്. പദ്ധതിയുടെ ഭാഗമായി അടുത്ത വർഷം 500 ലധികം പാർക്കുകളും 700 നഗര തെരുവുകളും പൊതു സ്ക്വയറുകളും വികസിപ്പിക്കും. 400 കിലോമീറ്റർ കാൽനട പാതകൾ, 300 കിലോമീറ്റർ സൈക്കിൾ പാതകൾ, കുട്ടികൾക്കായി 500 ലധികം കളിസ്ഥലങ്ങൾ, 300 ലധികം കായിക മൈതാനങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി വികസിപ്പിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു