ദുബൈ: യാത്രക്കാരുടെ എണ്ണം കണക്കുകൂട്ടലുകൾ തെറ്റിച്ച് വർധിക്കുന്ന സാഹചര്യത്തിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് പകരം പുതിയ വിമാനത്താവളം ആലോചനയിലുണ്ടെന്ന് വെളിപ്പെടുത്തി ദുബൈ എയർപോർട്സ് സി.ഇ.ഒ പോൾ ഗ്രിഫിത്ത്സ്. ദുബൈ എയർഷോ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വർഷം 12 കോടി യാത്രക്കാരെന്ന പരിധി എത്തുന്നതോടെ പുതിയ വിമാനത്താവളം അനിവാര്യമാവുകയാണ്. പരമാവധി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ള ശേഷിയാണിത്. പുതിയ വിമാനത്താവളം എന്നത് 2030കളിൽ സംഭവിക്കും -അദ്ദേഹം വ്യക്തമാക്കി.
അടുത്ത മാസങ്ങളിൽ വൻ വിമാനത്താവള പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതിനുള്ള ശ്രമങ്ങളിലായിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം കൂടുതൽ വലുതും മികച്ചതുമാക്കേണ്ടത്.
കാരണം 2050നും ശേഷം മുന്നിൽ കണ്ടാണ് പദ്ധതിയെ കുറിച്ച് ഞങ്ങൾ ആലോചിക്കുന്നത് -അദ്ദേഹം പറഞ്ഞു. പുതിയ വിമാനത്താവളത്തെ കുറിച്ച കൂടുതൽ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഭാവിയിൽ വീണ്ടും വികസിപ്പിക്കാൻ സാധിക്കുന്ന രൂപത്തിലായിരിക്കും ആസൂത്രണം ചെയ്യുകയെന്നും ടെർമിനൽ അടിസ്ഥാനത്തിലുള്ള രീതിയായിരിക്കില്ല സ്വീകരിക്കുകയെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഈ വർഷം ദുബൈ വിമാനത്താവളത്തിൽ 8.68 കോടി യാത്രക്കാർ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2019ലെ റെക്കോഡ് എണ്ണത്തെ മറികടക്കുന്ന എണ്ണമാണിത്. ഈ വർഷം അവസാന പാദത്തിലും യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ വർഷം മൂന്നാം പാദത്തിൽ 2.29 കോടി യാത്രക്കാരാണ് ദുബൈയിലെത്തിയത്. നിലവിൽ ഓരോ വർഷവും 10 കോടി യാത്രക്കാർക്ക് ആവശ്യമായ സൗകര്യമൊരുക്കാൻ വിമാനത്താവളത്തിന് സംവിധാനമുണ്ട്. അതേസമയം, കൂടുതൽ നൂതന സാങ്കേതിക വിദ്യകളും മറ്റും ഉപയോഗപ്പെടുത്തി നിലവിലെ സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമായി ഉപയോഗിച്ചാൽ 12 കോടി യാത്രക്കാരെ വരെ ഉൾക്കൊള്ളാനും സാധിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു