തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ കേന്ദ്രമന്ത്രിമാരെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച എംപിമാരുടെ യോഗത്തില്‍ ധാരണയായി. എംപിമാര്‍ ഒന്നിച്ചാകും കേന്ദ്രമന്ത്രിമാരെ കാണുക. കേന്ദ്രസര്‍ക്കാരിന്റെ അവഗണന നേരിടുന്ന മറ്റ് സംസ്ഥാനങ്ങളുമായി യോജിച്ച് നീങ്ങാനും യോഗത്തില്‍ ധാരണയായി. കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ച തീരുമാനമടക്കം കൂടിക്കാഴ്ചയില്‍ ഉന്നയിക്കും.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് എംപിമാരുടെ യോഗം ചേര്‍ന്നത്. കേരളത്തിനാവകാശപ്പെട്ട വായ്പാ പരിധി വെട്ടിക്കുറച്ച നടപടിയിൽ നിന്നും കേന്ദ്രം പിന്മാറേണ്ടതുണ്ടെന്നതാണ് യോഗം ചർച്ച ചെയ്ത പ്രധാന അജണ്ട. ഈ സാഹചര്യത്തിൽ 15 ആം ധനകാര്യ കമ്മിഷന്റെ ശുപാർശ പ്രകാരം കേരളത്തിന്റെ വായ്പാപരിധി ഉയർത്താനായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രിമാരെ സന്ദർശിക്കാൻ യോഗത്തിൽ ഏകകണ്ഠമായി അഭിപ്രായമുയർന്നു. ഇതോടൊപ്പം സംസ്ഥാനത്തിനാവകാശപ്പെട്ട റവന്യു സബ്സിഡി ഒഴിവാക്കിയതും ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയതും കുടിശ്ശികയായ നഷ്ടപരിഹാരം തന്നുതീർക്കാത്തതുമെല്ലാം കേന്ദ്ര മന്ത്രാലയങ്ങളെയും പാർലമെന്റിലും അറിയിക്കണമെന്നും യോഗം തീരുമാനിച്ചു.
യുജിസിയുടെ ഏഴാമത് ശമ്പളപരിഷ്കരണം നടപ്പിയിലാക്കിയതിന്റെ ഭാഗമായി അധ്യാപകർക്ക് കൊടുത്ത ശമ്പളത്തിന്റെ കുടിശ്ശിക കേന്ദ്രം തന്നുതീർക്കാനുണ്ട്. ഈ വിഷയത്തിലും അടിയന്തിര ഇടപെടൽ നടത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടണം. പാർലമെന്റിലും ഈ വിഷയം ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ടെന്ന് യോഗം തീരുമാനിച്ചു.നെല്ല് സംഭരണവുമായി ബന്ധപ്പെട്ടും കേന്ദ്രവിഹിതം കുടിശ്ശികയായി ബാക്കിനിൽക്കുന്നു. ഇതിലും ഇടപെടാൻ കേന്ദ്രത്തോട് ശക്തമായി ആവശ്യപ്പെടും.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും കേന്ദ്രവിഹിതം വരുന്ന പദ്ധതികളുടെയും നടത്തിപ്പിന് കേന്ദ്രസർക്കാർ ബ്രാൻഡിംഗ് ഉപയോഗിക്കുന്നത് നിർബന്ധമാക്കിയിരിക്കുകയാണ്. കേരളത്തിന്റെ ലൈഫ് പദ്ധതിയടക്കമുള്ളവയിൽ നാമമാത്രമായ കേന്ദ്രവിഹിതം മാത്രമേ ഉള്ളൂ. അവയിൽ കേരളസർക്കാരിന്റെ ലോഗോ പോലും വെക്കുന്നില്ല. ഇതിലെല്ലാം കേന്ദ്രസർക്കാർ പദ്ധതിയുടെ ലോഗോയും പേരും വെക്കണമെന്ന നിർദേശം അംഗീകരിക്കാനാവില്ല. ഈ വിഷയത്തിലും കേരളത്തിൽ നിന്നുള്ള എംപിമാർ ഒരുമിച്ചു നിന്ന് പ്രതികരിക്കണമെന്ന് ചർച്ചയിൽ ആവശ്യമുയർന്നു. അതോടൊപ്പം ഇത്തരം പദ്ധതികൾക്കുള്ള കേന്ദ്ര വിഹിതം കുടിശ്ശികയായത് തന്നുതീർക്കാനും ആവശ്യപ്പെടും.
വിവിധ വിഷയങ്ങളില്‍ എംപിമാര്‍ ഒന്നിച്ചാകും കേരളത്തെ കാണുക. ഇതിന്റെ ആദ്യ പടിയെന്നോണം എംപിമാര്‍ കേന്ദ്രത്തിന് നിവേദനം സമര്‍പ്പിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാലാകും നിവേദനം തയ്യാറാക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു