ദുബൈ: ലോകത്ത് ആദ്യമായി പറക്കും കാറുകളുടെ റേസിങ് സംഘടിപ്പിക്കാനൊരുങ്ങി യു.എ.ഇ. ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന പറക്കും കാറുകൾ നിർമിക്കുന്ന ഫ്രഞ്ച് കമ്പനിയായ മെക്ക ഫ്ലൈറ്റിന്റെ സി.ഇ.ഒ ക്രിസ്റ്റ്യൻ പിനിയ ആണ് കഴിഞ്ഞ ദിവസം ഇക്കാര്യം വെളിപ്പെടുത്തിയത്. 2025ന്റെ അവസാനത്തോടെ പറക്കും റേസിങ് ചാമ്പ്യൻഷിപ് നടത്താനാണ് പദ്ധതി. ദുബൈയിലോ അല്ലെങ്കിൽ യു.എ.ഇയിലെ മറ്റെവിടെയെങ്കിലുമായിരിക്കും മത്സര വേദി. സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങൾ പദ്ധതിക്ക് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
7.34 ദശലക്ഷം ദിർഹം വിലയുള്ള പറക്കും കാറുകളാണ് മത്സരത്തിൽ പങ്കെടുക്കുക. ഒരാൾക്ക് മാത്രം സഞ്ചരിക്കാൻ കഴിയുന്ന കാറുകൾക്ക് ഭൂമിയിൽനിന്ന് 4-5 മീറ്റർ ഉയരത്തിൽ പറക്കാൻ കഴിയും. മണിക്കൂറിൽ 250 കിലോമീറ്ററാണ് പരമാവധി വേഗം. ആദ്യ റേസിൽ എട്ടിനും പത്തിനും ഇടയിലുള്ള മത്സരാർഥികളായിരിക്കും പങ്കെടുക്കുക. ഭൂമിയിൽനിന്ന് അഞ്ചു മീറ്റർ മാത്രം ഉയരത്തിൽ പറക്കുന്നതിനാൽ കാണികൾക്ക് മത്സരം കാണാൻ കഴിയും.
റെഡ്ബുളുമായി സഹകരിച്ചാണ് മക്ക ഫ്ലൈറ്റ് റേസിങ് സംഘടിപ്പിക്കുന്നത്. ഒന്നു രണ്ടു മാസം നീളുന്ന പരീക്ഷണ പറക്കലുകൾ പൂർത്തിയായാൽ ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന പറക്കും കാറുകൾ പുറത്തിറങ്ങും. ഈ കാറുകൾ വാങ്ങുന്നവർക്കുള്ള പരിശീലനവും മക്ക സംഘടിപ്പിക്കും. സ്വന്തം റേസിങ് കാറുകളുടെ പരീക്ഷണം ആഗ്രഹിക്കുന്നവർക്കുള്ള റേസിങ് ട്രാക്ക് കമ്പനി നൽകും. ഹെലികോപ്ടർ പൈലറ്റുമാരെ പോലെ പരിശീലനം ആവശ്യമായ ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം ദുബൈയിൽ സമാപിച്ച ലോകത്തെ ഏറ്റവും വലിയ സാങ്കേതിക വിദ്യ പ്രദർശനമായ ജൈടെക്സിൽ സ്വയം നിയന്ത്രണ കാറുകളുടെ മത്സരം അടുത്ത വർഷം ഏപ്രിലിൽ 28ന് അബൂദബിയിൽ നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.10 സ്ഥാപനങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. അബൂദബിയിലെ യാസ് മറീനയിലെ ഫോർമുല വൺ റേസിങ് ട്രാക്കിൽ നടക്കുന്ന മത്സരം നിയന്ത്രിക്കുന്നത് ഡ്രൈവർമാർക്ക് പകരം കോഡർമാരായിരിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു