കുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ വാർഷിക ഷൂട്ടിങ് ചാമ്പ്യൻഷിപ് വ്യാഴാഴ്ച ആരംഭിക്കും. കുവൈത്തിൽനിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള 400 ഷൂട്ടർമാർ പങ്കെടുക്കുമെന്ന് ഷൂട്ടിങ് സ്പോർട്സ് ഫെഡറേഷൻ ചീഫ് ദുയ്ജ് അൽ ഒതൈബി അറിയിച്ചു. ഷൂട്ടിങ് റേഞ്ച് കോംപ്ലക്സിലാണ് ചാമ്പ്യൻഷിപ് നടക്കുക.
സ്കീറ്റ്, ട്രാപ്പ് ഷൂട്ടിങ്, ഷോട്ട്ഗൺ ടൂർണമെന്റ്, അമ്പെയ്ത്ത് എന്നീ ഒളിമ്പിക് ഗെയിമുകളിൽ മത്സരിക്കുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടിയുള്ള വിഭാഗങ്ങൾ ഈ പതിപ്പിൽ ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഷൂട്ടിങ് കായികരംഗത്തിന് കുവൈത്ത് നേതൃത്വം നൽകുന്ന തുടർച്ചയായ പിന്തുണയെ അദ്ദേഹം പ്രശംസിച്ചു. ഇത് കുവൈത്ത് താരങ്ങൾക്ക് വലിയ പ്രചോദനമാണ്. ചൈനയിൽ നടന്ന ഏഷ്യൻ ഗെയിമുകളിൽ മെഡൽ നേടിയ കുവൈത്ത് ഷൂട്ടർമാരുടെയും അടുത്തയാഴ്ച ഖത്തർ ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന രണ്ട് ഷൂട്ടർമാരുടെയും നേട്ടങ്ങൾ അൽ ഒതൈബി എടുത്തുപറഞ്ഞു.
മത്സരത്തിന് എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി ഫെഡറേഷൻ സെക്രട്ടറി ഉബൈദ് അൽ ഒസൈമി അറിയിച്ചു. 2024ലെ പാരിസ് ഒളിമ്പിക്സിലേക്കും ജനുവരിയിൽ കുവൈത്തിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലേക്കും യോഗ്യത നേടുന്നതിനുള്ള അന്താരാഷ്ട്ര, കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പുകളിലേക്കുള്ള ചവിട്ടുപടിയായാണ് മത്സരത്തെ കണക്കാക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു