മനാമ ∙ ബഹ്റൈനിലുള്ള എല്ലാ രാജ്യക്കാർക്കും നൽകുന്ന മതസ്വാതന്ത്ര്യം ഒരിക്കൽ കൂടി ഊട്ടിയുറപ്പിച്ച് ഇന്ത്യൻ കുടുംബങ്ങളുടെ ദീപാവലി ആഘോഷങ്ങളിൽ പങ്കെടുത്ത് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ. ബഹ്റൈനിലെ പ്രമുഖ ഇന്ത്യൻ ബിസിനസ് കുടുംബങ്ങളായ മുൽജിമൽ, കേവൽറാം, താക്കർ, കവലാനി കുടുംബങ്ങൾ ഒരുക്കിയ ദീപാവലി ആഘോഷങ്ങളിലാണ് രാജകുമാരനും മറ്റു പ്രമുഖ രാജകുടുംബാംഗങ്ങളും സംബന്ധിച്ചത്.
മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള സാംസ്കാരിക ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനും ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ദീപാവലി ആഘോഷവും മറ്റ് പല അവസരങ്ങളും ബഹ്റൈൻ സമൂഹത്തിലെ വൈവിധ്യം സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നത്. ബഹ്റൈൻ സമൂഹത്തിൽ ഇന്ത്യൻ കുടുംബങ്ങൾ സ്ഥാപിച്ച ദീർഘകാല ബന്ധങ്ങളെയും രാജ്യത്തിന് അവർ നൽകിയ സംഭാവനകളെയും കിരീടാവകാശി അഭിനന്ദിച്ചു.
ഈസ ബിൻ സൽമാൻ എജ്യുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനും ലേബർ ഫണ്ട് (തംകീൻ) ഡയറക്ടർ ബോർഡ് ചെയർമാനുമായ ഷെയ്ഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും ഒട്ടേറെ കുടുംബങ്ങളെ സന്ദർശിച്ചു. ബഹ്റൈനിലെ ആദ്യകാല ഇന്ത്യൻ കുടുംബങ്ങളായ ഭാട്ടിയ, ദീപാവലി ആഘോഷങ്ങൾ നടത്തുന്ന മറ്റു കുടുംബങ്ങൾക്കും പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു.
ഇന്ത്യൻ വ്യവസായ കുടുംബങ്ങളുടെ ദീപാവലി ആഘോഷം ബഹ്റൈനിലെ വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാരുടെ കുടുംബ സംഗമം കൂടിയായി. ഇന്ത്യൻ സ്ഥാനപതി വിനോദ് ജേക്കബിനെ കൂടാതെ യുഎസ്എ, മലേഷ്യ, ബ്രിട്ടൻ, തായ്ലൻഡ്, ഫിലിപ്പീൻസ്, ഇറ്റലി തുടങ്ങി വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാരും ദീപാവലി ആഘോഷങ്ങളിൽ പങ്കു ചേർന്നു.
ഇന്ത്യൻ പരമ്പരാഗത വസ്ത്രമായ സാരിയിൽ അണിഞ്ഞൊരുങ്ങി എത്തിയ ഇറ്റലിയുടെ സ്ഥാനപതി പഓള അമ്മദൈ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി. യു എസ് സ്ഥാനപതി സ്റ്റീവൻ സി ബോണ്ടി കുർത്തയും പൈജാമയും ധരിച്ചായിരുന്നു വിരുന്നിനെത്തിയത്. ബഹ്റൈൻ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാക്കളായ നബീൽ യാക്കൂബ് അൽ ഹമർ, റാഷീദ് അൽ ഹമർ എന്നിവരും ആഘോഷങ്ങളിൽ ആദ്യാവസാനം വരെ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു