കണ്ണൂർ: അയ്യൻകുന്നിലെ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടില്ലെന്നും എന്നാൽ ഏറ്റുമുട്ടൽ നടന്നയിടത്തിൽ രക്തം തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നുവെന്നും എടിഎസ് ഡിഐജി പുട്ട വിമലാദിത്യ. അവരിൽ നിന്ന് തോക്കുകൾ പിടിച്ചെടുത്തതായും ഡിഐജി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സംഘത്തിൽ എട്ട് പേരുണ്ടെന്നാണ് അനുമാനമെന്നും എത്ര മാവോയിസ്റ്റുകൾക്ക് പരുക്കേറ്റുവെന്നതിൽ വ്യക്തിതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് രണ്ട് തോക്കുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇരുകൂട്ടരും പരസ്പരം വെടിയുതിർത്തെങ്കിലും ആർക്കെങ്കിലും പരിക്ക് പറ്റിയതായി പോലീസ് സ്ഥിരീകരിക്കുന്നില്ല. സ്ഥലത്തുണ്ടായിരുന്ന എട്ടുപേരും രക്ഷപ്പെട്ടതായാണ് പോലീസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞതെങ്കിലും വെടിവയ്പ് നടന്ന സ്ഥലങ്ങളിൽ രക്തത്തുള്ളികൾ കണ്ടെന്നു പറയുന്നതു ദുരൂഹതയുണർത്തുന്നു.
മാവോയിസ്റ്റുകൾ തിരിച്ചെത്തി ആക്രമണം നടത്താനുള്ള സാധ്യതകൾ കണക്കിലെടുത്ത് ഉരുപ്പുംകുറ്റി ടൗണിലും മലമുകളിലെ വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലെ വീടുകൾക്കും പോലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്.
പുലർച്ചെ അഞ്ചോടെ തണ്ടർബോൾട്ടിന്റെ ഒരു സംഘം തിരികെ പോയതായും മറ്റൊരു സംഘം ഉളിയിലേക്ക് പോയതായും നാട്ടുകാർ പറയുന്നു. വനത്തിനുള്ളിൽ തെരച്ചിൽ നടത്തുന്ന സംഘാംഗങ്ങൾ ഇനിയും തിരിച്ചെത്തിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെ ആയുധങ്ങൾ പിടിച്ചെടുത്തെന്നും മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്നുമുള്ള അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു