പത്തനംതിട്ട: മെഡിക്കല്‍ കോളേജുകളിലെ 88 ഡോക്ടര്‍മാരെ ഒറ്റയടിക്ക് കോന്നി മെഡിക്കല്‍ കോളേജിലേക്ക് സ്ഥലം മാറ്റി. ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ചാണ് നടപടി. പകരം നിയമിക്കാന്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ മറ്റ് മെഡിക്കല്‍ കോളേജുകളില്‍ രോഗീപരിചരണം അടക്കമുള്ള കാര്യങ്ങള്‍ ഇതോടെ താളം തെറ്റിയേക്കും.
സര്‍ക്കാര്‍ നടപടിക്കെതിരെ കെജിഎംസിടിഎ രംഗത്തെത്തി. ബുധനാഴ്ച മുതല്‍ ജനുവരി 20 വരെയാണ് കോന്നിയിലേക്കുള്ള താല്‍ക്കാലിക സ്ഥലംമാറ്റം. തിരുവനന്തപുരം മുതല്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് വരെ ഉള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 88 ഡോക്ടര്‍മാര്‍ക്ക് ആണ് സ്ഥലംമാറ്റം.
എല്ലാ പ്രധാനപ്പെട്ട സ്പെഷ്യാലിറ്റികളില്‍ നിന്നും സൂപ്പര്‍ സ്പെഷ്യാലിറ്റികളില്‍ നിന്നും ഡോക്ടര്‍മാരെ മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇവിടങ്ങളിലേക്ക് പകരം നിയമനവുമില്ല. ഇതോടെ മിക്ക ആശുപത്രികളിലും രോഗിപരിചരണവും ശസ്ത്രക്രിയ അടക്കമുള്ളവയും താളം തെറ്റും. മെഡിക്കല്‍ കോളേജുകളിലെ അധ്യാപനവും താറുമാറാകും.
Read also : കണ്ണൂര്‍ ആലക്കോട് യുവാവ് കുത്തേറ്റ് മരിച്ചു ; സുഹൃത്ത് കസ്റ്റഡിയില്‍
നിലവില്‍ തന്നെ ഡോക്ടര്‍മാരുടെ വലിയ തോതിലുള്ള കുറവ് മെഡിക്കല്‍ കോളേജ് ആശുപത്രികളിലുണ്ട്. എന്‍ട്രികേഡര്‍ നിയമനം പോലും നടക്കാത്ത അവസ്ഥയുമുണ്ട്. ഈ സാഹചര്യത്തിലാണ് ഉള്ളവരെ ഒറ്റയടിക്ക് ഒരു സ്ഥലത്തേക്ക് മാത്രം സ്ഥലം മാറ്റിയത്.
ശബരിമല ബേസ് ക്യാമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും കോന്നി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതോടെയാണ് മെഡിക്കല്‍ കോളേജുകളില്‍ നിന്ന് ഇത്രയധികം ഡോക്ടര്‍മാരെ ഒറ്റയടിക്ക് മാറ്റിയത്. നടപടിയില്‍ നിന്ന് പിന്മാറണമെന്ന് മെഡിക്കല്‍ കോളേജ് അധ്യാപക സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം ഉണ്ടായേക്കില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു