ഷാർജ: ഭാഷയും ഭാവനയും നിറഞ്ഞൊഴുകിയ 12 ദിനരാത്രങ്ങൾക്കുശേഷം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് പരിസമാപ്തി. നൂറിലേറെ രാജ്യങ്ങളിൽനിന്ന് പ്രസാധകരെത്തിയ മേള, സംഘാടന മികവിനാലും പങ്കാളിത്തത്താലും ഇത്തവണയും ശ്രദ്ധിക്കപ്പെട്ടു. മേളയുടെ അവസാന ദിനമായ ഞായറാഴ്ചയും പുസ്തകോത്സവ വേദിയിലേക്ക് സന്ദർശകരുടെ പ്രവാഹമായിരുന്നു. 2,033 പ്രസാധകരുടെ വിവിധ ഭാഷകളിലെ 15 ലക്ഷം പുസ്തകങ്ങളാണ് ഇത്തവണ എത്തിയത്. അന്താരാഷ്ട്ര, പ്രാദേശിക തലങ്ങളിൽ പ്രഗല്ഭരായ നിരവധി വ്യക്തികളുടെ സാന്നിധ്യത്തിൽ ഒട്ടേറെ പരിപാടികളും മേളയിൽ അരങ്ങേറി.
കുട്ടികൾക്കും മുതിർന്നവർക്കും അക്ഷരമധുരം ആസ്വദിക്കാനാവുന്ന രൂപത്തിൽ മേളയുടെ ദിവസങ്ങളിൽ ആകെ 1,700 പരിപാടികളും വിവിധ വിഷയങ്ങളിലെ ശിൽപശാലകളും സംഘടിപ്പിച്ചു. 460 സാംസ്കാരിക പരിപാടികളാണ് മേളയിൽ നടന്നത്. അറബ് മേഖലയിലെയും പുറത്തെയും നിരവധി പ്രമുഖരുടെ സാന്നിധ്യം ഇത്തവണ മേളയെ ആകർഷണീയമാക്കിയ ഘടകമായിരുന്നു.
ഈ വർഷത്തെ വിശിഷ്ടാതിഥി രാജ്യമായ കൊറിയയിൽ നിന്നുള്ള പുസ്തകങ്ങളും സാംസ്കാരിക ചടങ്ങുകളും സന്ദർശകരെ ഏറെ ആകർഷിച്ചു. പരമ്പരാഗത കൊറിയൻ വേഷം ധരിച്ചവരുടെ സാന്നിധ്യമുള്ള പവിലിയനിൽ കൊറിയയുടെ ഭാഷയും സംസ്കാരവും അറിയാൻ നിരവധി പേരെത്തി. കൊറിയൻ ഭാഷയിൽനിന്ന് നേരിട്ട് അറബിയിലേക്ക് വിവർത്തിതമായ പുസ്തകങ്ങൾ ഇവിടെ സ്റ്റാളിൽ പ്രത്യേകം ഒരുക്കിയിരുന്നു.
മുൻവർഷങ്ങളിലേതുപോലെ ഇന്ത്യന്‍ സ്റ്റാളുകളില്‍ മുഴുദിവസങ്ങളിലും പുസ്തകപ്രേമികളുടെ കുത്തൊഴുക്കായിരുന്നു. മലയാളികളുടെ സംഗമകേന്ദ്രമായ റൈറ്റേഴ്സ് ഫോറം ഹാളിൽ ഞായറാഴ്ച രാത്രിയിലും പുസ്തക പ്രകാശനങ്ങൾ നടന്നു. മലയാള പ്രസാധകർ നിറഞ്ഞ ഹാൾ നമ്പർ 7ൽ പലദിവസങ്ങളിലും നിന്നുതിരിയാനിടമില്ലാത്ത വിധം പ്രദര്‍ശന ഹാളുകള്‍ ജനനിബിഡമായി. വാരാന്ത്യ അവധി ദിനങ്ങളായ ശനിയും ഞായറും വിശേഷിച്ചും ഇന്ത്യന്‍ പ്രസാധകരുടെ സ്റ്റാളുകളില്‍ നല്ല വില്പന നടന്നു. ചെറുകഥ, നോവല്‍, ന്യൂ അറൈവല്‍സ്, ക്രൈം ത്രില്ലറുകള്‍, ക്ലാസിക്കുകള്‍ എന്നിവ വാങ്ങാൻ നിരവധി പേരെത്തി.
ഇന്ത്യയിൽനിന്ന് സാഹിത്യ, സാംസ്കാരിക, ചലച്ചിത്ര, ശാസ്ത്ര, ബിസിനസ്, മാധ്യമ മേഖലകളില്‍ അറിയപ്പെടുന്ന വ്യക്തിത്വങ്ങൾ വേദിയിലും സാന്നിധ്യമറിയിച്ചു. സുനിത വില്യംസ്, കരീന കപൂര്‍, നീന ഗുപ്ത, നിഹാരിക എന്‍.എം, കജോള്‍ ദേവ്ഗന്‍ തുടങ്ങിയവരുടെ സംസാരം ശ്രവിക്കാൻ സദസ്സ് നിറഞ്ഞുകവിഞ്ഞിരുന്നു.
1043 അറബ് പ്രസാധകരും 990 അന്താരാഷ്ട്ര പ്രസാധകരുമാണ് പുസ്തക ശേഖരവുമായി എത്തിയത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അന്താരാഷ്ട്ര പ്രസാധകരുടെ എണ്ണം വർധിച്ചത് ഇത്തവണത്തെ സവിശേഷതയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു