ലണ്ടന്‍: ബ്രിട്ടനിലെ ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവര്‍മാനെ പുറത്താക്കി. പ്രധാനമന്ത്രി ഋഷി സുനകാണ് നടപടിയെടുത്തത്. പലസ്തീന്‍ അനുകൂല മാര്‍ച്ചിനെ പൊലീസ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് കഴിഞ്ഞയാഴ്ച നടത്തിയ അഭിപ്രായപ്രകടനമാണ് നടപടിക്കിടയാക്കിയത്. പലസ്തീന്‍ അനുകൂല റാലികളിലെ ചില തീവ്രവാദ ഘടകങ്ങള്‍ക്ക് നേരെ മെട്രോപൊളിറ്റന്‍ പൊലീസ് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് ബ്രിട്ടിഷ് ദേശീയ മാധ്യമങ്ങളിൽ ഒന്നിലെ ലേഖനത്തില്‍ ബ്രേവര്‍മാന്‍ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ സുവെല്ലയെ പുറത്താക്കണമെന്ന സമ്മര്‍ദ്ദം ഋഷി സുനകിന് മേല്‍ ശക്തമായിരുന്നു.
നവംബര്‍ 11ന് മുപ്പതിനായിരത്തിലധികം പേര്‍ പങ്കെടുത്ത പലസ്തീന്‍ അനുകൂല പ്രക്ഷോഭത്തില്‍ വലിയ സംഘര്‍ഷമാണുണ്ടായത്. പലസ്തീന്‍ അനുകൂല പ്രതിഷേധക്കാരും വിരുദ്ധ നിലപാടുള്ള തീവ്രവലതുപക്ഷ പ്രതിഷേധക്കാരും തമ്മില്‍ 11ന് സംഘര്‍ഷമുണ്ടായി. 140ല്‍ അധികം പേരാണ് അന്നേദിവസം പൊലീസിന്റെ പിടിയിലായത്. ബ്രേവര്‍മാന്റെ വിവാദ പരാമര്‍ശമാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് പ്രതിപക്ഷം രൂക്ഷവിമര്‍ശനമുയര്‍ത്തി. ആഭ്യന്തരമന്ത്രിയെ പുറത്താക്കുന്നതാണ് പ്രധാനമന്ത്രി റിഷി സുനകിനും നല്ലതെന്ന് ഭരണപക്ഷത്തുനിന്നും പ്രതികരണമുണ്ടായി. സമ്മര്‍ദമേറിയതോടെ മന്ത്രിയെ നീക്കാന്‍ സുനക് നിര്‍ബന്ധിതനാകുകയായിരുന്നു.
മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണു സുവെല്ല സ്ഥാനമൊഴിയുന്നതെന്നാണ് യു.കെ ഭരണകൂടത്തിന്റെ വിശദീകരണം. രാജ്യത്തിന്റെ ആഭ്യന്തര പദവിയിലിരിക്കാനായത് ജീവിതത്തിലെ വലിയ അംഗീകാരമാണെന്നാണ് അവർ പ്രതികരിച്ചത്. വിശദമായി പിന്നീട് പറയാമെന്നും സുവെല്ല ബ്രവർമാൻ അറിയിച്ചു.
2022 ഒക്ടോബറിൽ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെയാണ് സുവെല്ലയും മന്ത്രിസഭയിലെത്തുന്നത്. മന്ത്രിസഭയിലെ തീവ്രവലതുപക്ഷ നേതാവായ ഇവർ ഇതിനുമുൻപും നിരവധി തവണ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. കുടിയേറ്റ വിരുദ്ധ പരാമർശങ്ങളും നടത്തിയിട്ടുണ്ട്. ‘ടൈംസ് ഓഫ് ലണ്ടൻ’ എന്ന ബ്രിട്ടീഷ് മാധ്യമത്തിൽ എഴുതിയ ലേഖനാണു പുതിയ വിവാദങ്ങൾക്കു കാരണമായത്. ഫലസ്തീൻ റാലിക്കു പുറമെ പൊലീസിനെതിരെയും രൂക്ഷവിമർശനമാണ് സുവെല്ല നടത്തിയത്. പ്രധാനമന്ത്രി സുനകിന്റെ അനുവാദമില്ലാതെയാണു ലേഖനം പ്രസിദ്ധീകരിച്ചതെന്നും റിപ്പോർട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു