കൊച്ചി: കേരളം കേന്ദ്രത്തിന്റെ അടിമയല്ലെന്നും അടിമ – ഉടമ ബന്ധമല്ല കേന്ദ്രവും സംസ്ഥാനവും തമ്മിൽ വേണ്ടതെന്നും തുറന്നടിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാനങ്ങളിൽ നിന്നാണ് ഭൂരിഭാഗം പണവും പിരിക്കുന്നത്. ജനസംഖ്യാനുപാതികമായി വരുമാനത്തിൽ കുറവു വരുത്തിയപ്പോൾ കേരളത്തിന് വലിയ കുറവാണ് വരുത്തിയത്. മാനദണ്ഡ പ്രകാരമായല്ല ഈ കുറവ് വന്നത്. ഇത് കേന്ദ്രമന്ത്രി വി. മുരളീധരൻ അംഗീകരിക്കുമോയെന്നും ധനമന്ത്രി ചോദിച്ചു.
ജിഎസ്ടി നിയമം പാസാക്കിയപ്പോൾ തന്നെ സംസ്ഥാനം ഭിക്ഷാപാത്രവുമായി കേന്ദ്രത്തിനു അടുത്തേക്ക് പോകേണ്ടി വരുമെന്ന് പറഞ്ഞതാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും സാമ്പത്തിക പ്രതിസന്ധിയുണ്ട്. കേന്ദ്രം പറയുന്നത് കേട്ടോളണമെന്ന ഭാഷ്യമാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന്. ധനകാര്യ കമ്മീഷന്റെ കണക്ക് പ്രകാരം കേന്ദ്രത്തിന് കൊടുക്കുന്ന 100 രൂപയിൽ 1.80 രൂപയാണ് കേരളത്തിന് തിരികെ കിട്ടുന്നത്. കേന്ദ്ര സർക്കാരിന്റെ സൗകര്യം അനുസരിച്ചാണ് സംസ്ഥാനത്തിന് പണം കിട്ടുന്നത്. സംസ്ഥാനത്തിന് അവകാശപെട്ടതല്ല. ജനങ്ങൾക്ക് കൊടുക്കാൻ പറ്റുന്ന പണം പോലും കൊടുപ്പിക്കാതിരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ബാലഗോപാൽ വിമർശിച്ചു.
ജനങ്ങൾക്ക് കൊടുക്കുന്ന പണം കുറയ്ക്കാൻ സാധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ക്ഷേമപെൻഷൻ അടക്കമുള്ളവ സംസ്ഥാനത്തിന് കൊടുക്കാതിരിക്കാൻ സാധിക്കില്ല, കൊടുത്തേ പറ്റൂ. ഈ സർക്കാർ രണ്ടര വർഷം കൊണ്ട് 4800 കോടി രൂപ കെഎസ്ആർടിസിക്ക് കൊടുത്തു. രണ്ട് വർഷം കൊണ്ട് സംസ്ഥാന സർക്കാരിന്റെ തനത് വരുമാനത്തിൽ 50 ശതമാനം വർധനവുണ്ടായെന്നും മന്ത്രി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
നെല്ലിന് അധികവില കൊടുക്കുന്നത് കേരളം മാത്രമാണെന്ന് മന്ത്രി പറഞ്ഞു. ഒരു കിലോ നെല്ലിന് 28 രൂപയാണ് സംസ്ഥാന സർക്കാർ കർഷകർക്ക് നൽകുന്നത്. സംഭരിക്കുന്ന നെല്ലിന് നേരിട്ട് കർഷകർക്ക് പണം നൽകിയാൽ, കൊടുത്തുതീർക്കാൻ ആറ് മാസത്തിലധികം സമയമെടുക്കും. അത് പരിഹരിക്കാനാണ് പിആർഎസ് സംവിധാനം കൊണ്ടുവന്നത്. പലിശ സഹിതം കടം എടുക്കുന്ന പണം ബാങ്കിന് സർക്കാർ തിരിച്ചു കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.
കണക്ക് ചോദിച്ചാൽ മറുപടി പറയാൻ കഴിയാത്ത മന്ത്രിമാരാണ് കേരളത്തിലേതെന്നായിരുന്നു കേന്ദ്രമന്ത്രി വി. മുരളീധരന്റെ പരാമർശം. കേരളത്തിലെ ജനങ്ങൾ സഹികെട്ടാൽ പ്രതികരിക്കും എന്നുള്ള കാര്യത്തിൽ സർക്കാരിന് സംശയം വേണ്ട. കണക്ക് ചോദിച്ചാൽ പറയാനുള്ള ധാരണ പോലും ഭക്ഷ്യ മന്ത്രിക്കില്ലെന്നും മുരളീധരൻ പരിഹസിച്ചിരുന്നു.
ഡൽഹിയിൽ ധർണ നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെയും കേന്ദ്രമന്ത്രി വി മുരളീധരൻ പരിഹസിച്ചു. ധർണ്ണ ഇരുന്നാൽ കിട്ടാനുള്ള പണം കിട്ടില്ല. അതിന് അപേക്ഷ കൃത്യമായി നൽകണം. മാനദണ്ഡം പുതുക്കിയത് അറിയില്ലെങ്കിൽ ഭരിക്കാൻ ഇരിക്കരുത്. ഡൽഹിയിൽ ധർണ നടത്തിയിട്ട് ഒരു കാര്യവും ഇല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു