മുലദ: പുതുമയും സർഗാത്മകതയും ഒരുമിച്ചുചേർന്ന വേറിട്ട അനുഭവമായി ഇന്ത്യൻ സ്കൂൾ മുലദ സംഘടിപ്പിച്ച ക്രിസാലിസ് 2023. 100ൽപരം സ്റ്റാളുകളിലായി ഒരുക്കിയ പ്രദർശനം ഏറെ വിജ്ഞാന പ്രദമായിരുന്നു. വിദ്യാർഥികൾക്ക് അവരുടെ അക്കാദമികവും കലാപരവുമായ ആശയങ്ങൾ പ്രദർശിപ്പിക്കുന്നതിന് പരിപാടി വേദിയൊരുക്കി. ഒമാനിലെ മിഡിലീസ്റ്റ് കോളജ് ഡീൻ ഡോ. ജി.ആർ. കിരൺ പ്രദർശനം ഉദ്ഘാടനം ചെയ്തു. ലോകത്തെ ആത്മവിശ്വാസത്തോടെ നേരിടാനും പ്രശ്നപരിഹാരകരാകാനും അദ്ദേഹം വിദ്യാർഥികളെ ഉദ്ബോധിപ്പിച്ചു.
വിദ്യാഭ്യാസത്തിൽ സർഗാത്മകതയും നവീകരണവും പരിപോഷിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എ. അനിൽകുമാർ, എസ്.എം.സി അംഗങ്ങൾ, മറ്റ് പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. മുഖ്യാതിഥിയെ എസ്.എം.സി കൺവീനർ എം.ടി. മുസ്തഫ പൂച്ചെണ്ട് നൽകി സ്വാഗതംചെയ്തു. പ്രിൻസിപ്പൽ പർവീൺ കുമാർ പ്രദർശനത്തെക്കുറിച്ച് വിശദീകരിച്ചു. വിദ്യാർഥികൾ മുഖ്യാതിഥിയുമായി ആശയവിനിമയം നടത്തി. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എ. അനിൽകുമാർ ഉപഹാരം സമർപ്പിച്ചു. പ്രവർത്തന മാതൃകകൾ, നിശ്ചല മാതൃകകൾ, ഭാഷ ഗെയിമുകൾ, പസിലുകൾ, വിവിധ സാംസ്കാരിക പൈതൃകങ്ങൾ, ശാസ്ത്രത്തിലെ നവീനതകൾ എന്നിവ സ്റ്റാളുകൾ സന്ദർശിച്ചവർക്ക് വിസ്മയ കാഴ്ചയായി.
സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, കമ്പ്യൂട്ടർ സയൻസ്, കിന്റർഗാർട്ടൻ, കോമേഴ്സ്, പ്രൈമറി സെക്ഷൻ സ്റ്റാളുകൾ, ഫൈൻ ആർട്സ്, മറ്റ് ഫാക്കൽറ്റികൾ എന്നിവയുടെ സ്റ്റാളുകൾ നൽകിയതും ആകർഷകവും അവിസ്മരണീയവുമായ അനുഭവമായിരുന്നു. എക്സിബിഷൻ കാണാനെത്തിയ 4000 സന്ദർശകർക്ക് വൃക്ഷത്തൈകൾ നൽകി. പ്ലാനറ്റേറിയം, ചന്ദ്രയാൻ മൂന്ന്, ഗ്ലോബ് തിയറ്ററിലെ ഷേക്സ്പിയർ നാടകങ്ങൾ, ആർട്ട് ഗാലറിയിലെ ചിത്രങ്ങൾ, ശിൽപങ്ങൾ, മിക്സഡ് മീഡിയ സൃഷ്ടികൾ എന്നിവ കാണികളിൽ വിസ്മയമുളവാക്കി. സൗരയൂഥ കാഴ്ച, ഗണിതശാസ്ത്ര അത്ഭുതങ്ങൾ, റോബോട്ടിക്, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവ ഏറെ ശ്രദ്ധേയമായി. വിദ്യാർഥികൾ അവതരിപ്പിച്ച സ്കിറ്റുകൾ, തെരുവുനാടകങ്ങൾ, നൃത്തങ്ങൾ, ഗാനമേള, ഒമാൻ സംസ്കാരത്തെ അവതരിപ്പിക്കുന്ന പ്രത്യേക ഒമാനി സ്റ്റാൾ എന്നിവയും പ്രദർശനത്തിന് മാറ്റുകൂട്ടി.
വിദ്യാർഥികൾക്ക് അവരുടെ പ്രോജക്ടുകൾ വിശദീകരിക്കാനും സന്ദർശകരിൽനിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും കഴിയുന്ന ഇന്ററാക്ടിവ് ലേണിങ് സെഷനുകളും എക്സിബിഷനിൽ ഉണ്ടായിരുന്നു. പ്രദർശനം വിജയമാക്കിത്തീർത്ത അധ്യാപകരെയും വിദ്യാർഥികളെയും ജീവനക്കാരെയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അഭിനന്ദിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു