ദോഹ: ഖത്തർ ഉൾപ്പെടെ മരുഭൂനാടുകളിൽ സുലഭമായ കാഴ്ചയായ ഈന്തപ്പനയുടെ ഓലയും പട്ടയും മറ്റും ഇനി ഇവിടെ പാഴ്വസ്തുക്കളല്ല. ഈന്തപ്പനയുടെ അവശിഷ്ടങ്ങൾ ചട്ടികളിൽ വളരുന്ന ചെടികൾക്കുള്ള കൃത്രിമ മണ്ണാക്കി മാറ്റുന്ന പ്രാരംഭ പദ്ധതിക്ക് മുനിസിപ്പാലിറ്റി മന്ത്രാലയം തുടക്കംകുറിച്ചു.
വരണ്ടപ്രദേശങ്ങളിലേക്കുള്ള അന്താരാഷ്ട്ര കാർഷിക ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് മന്ത്രാലയത്തിന് കീഴിലുള്ള കാർഷിക ഗവേഷണ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മേധാവി ഹമദ് സകീത് അൽ ഷമ്മാരി പറഞ്ഞു. 25, 50, 75, 100 എന്നിങ്ങനെ നാല് വ്യത്യസ്ത സാന്ദ്രതാ അനുപാതങ്ങൾക്കനുസൃതമായാണ് മണ്ണിന്റെ ഗുണനിലവാരം. കൃത്രിമ മണ്ണ് നിർമിക്കുന്നതിന് അവയുടെ അവശിഷ്ടങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ഹമദ് അൽ ഷമ്മാരി വ്യക്തമാക്കി.
മൂന്ന് മാസമായി തുടരുന്ന പരീക്ഷണഫലങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും പനയോലകൾ, ഈന്തപ്പഴ അവശിഷ്ടങ്ങൾ, മന്ത്രാലയം നിശ്ചയിച്ച സവിശേഷതകളില്ലാത്ത ഗുണനിലവാരം കുറഞ്ഞ ഈത്തപ്പഴം എന്നിവ ഉപയോഗിച്ചതായും അൽ ഷമ്മാരി ചൂണ്ടിക്കാട്ടി.
കൃത്രിമ മണ്ണിനെ എൻജിനീയറിങ് മണ്ണ്, സിന്തറ്റിക് മണ്ണ് എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. പ്രകൃതിദത്തമായ അഴുക്ക് പോലെ കാണപ്പെടുന്ന, എന്നാൽ ചെടികൾക്ക് വളരാൻ നല്ല ഇടം നൽകുന്നതുമായ കൃത്രിമവസ്തുവാണിത്. സാധാരണയായി ഓർഗാനിക്, കൃത്രിമ വസ്തുക്കൾ എന്നിവയുടെ മിശ്രിതമാണ് ഈ മണ്ണിനം. ഐ.സി.ആർ.ഡി.എയുടെ മേൽനോട്ടത്തിൽ ജി.സി.സി രാജ്യങ്ങളിലെ ഈന്തപ്പനകൾക്കായുള്ള സുസ്ഥിര ഉൽപാദന സംവിധാനങ്ങൾ വികസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ ഇനം മണ്ണ് വികസിപ്പിച്ചെടുത്തത്. ഈന്തപ്പഴം ഉൽപാദനത്തിനായുള്ള തന്മാത്രാ സാങ്കേതികതകൾ, വിള പരിപാലനം, വിളവെടുപ്പിന് ശേഷമുള്ള പരിചരണം എന്ന വിഷയത്തിൽ നടന്ന പ്രാദേശിക ശിൽപശാലയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ഹമദ് സകീത് അൽ ഷമ്മാരി.
ഈന്തപ്പനകൾക്കായുള്ള സുസ്ഥിര ഉൽപാദന സംവിധാനങ്ങൾ വികസിപ്പിക്കുന്ന പദ്ധതിയിലുൾപ്പെടുന്ന ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികൾക്കായി ഐ.സി.ആർ.ഡി.എയാണ് പരിപാടി സംഘടിപ്പിക്കുന്നത്. നേരത്തെ, ഐ.സി.ആർ.ഡിയുമായി സഹകരിച്ച് ഈന്തപ്പഴ ഉൽപാദനം വർധിപ്പിക്കുന്നതിനും ഉണക്കുമ്പോഴുള്ള അവശിഷ്ടം കുറക്കുന്നതിനുമായി 45 ശതമാനം വരെ കാര്യക്ഷമതയുള്ള നൂതന ജലസേചന സംവിധാനവും ഖത്തറിലും മറ്റു ജി.സി.സി രാജ്യങ്ങളിലും ഉപയോഗിക്കുന്നതിനായി മൂന്നാം തലമുറ പോളികാർബണേറ്റ് ഡ്രൈയിങ് ഹൗസും കാർഷിക ഗവേഷണ വകുപ്പ് വികസിപ്പിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു