തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ബസുടമ സംയുക്ത സമിതി സംഘടനാ ഭാരവാഹികളുമായി ഗതാഗത മന്ത്രി ആന്റണി രാജു എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് കോണ്‍ഫറൻസ് ഹാളില്‍ ചൊവ്വാഴ്ച രാവിലെ 11ന് ചര്‍ച്ച നടത്തും. കേരളത്തിലെ സ്വകാര്യ ബസ് ഉടമകള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
വിദ്യാര്‍ഥി യാത്രനിരക്ക് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് നവംബര്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് തീരുമാനിച്ച സാഹചര്യത്തില്‍ ചര്‍ച്ചക്ക് പ്രസക്തിയേറെയാണ്. ബസുകളില്‍ നിരീക്ഷണ കാമറയും ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഇളവും സാവകാശവും നല്‍കിയിട്ടുണ്ടെങ്കിലും ബസുടമകള്‍ അതൃപ്തിയിലാണ്. ഭാരിച്ച ദൈനംദിന ചെലവുകള്‍ക്കു പുറമേ, അധിക ചെലവാണിതെന്നാണ് ബസുടമകള്‍ പറയുന്നത്.
സംസ്ഥാനത്ത് എണ്ണായിരത്തോളം സ്വകാര്യബസാണുള്ളത്. സമരം നടന്നാല്‍ സ്വകാര്യബസുകളുടെ കുത്തക പാതകളുള്ള മധ്യ, വടക്കന്‍ ജില്ലകളില്‍ യാത്രക്ലേശം രൂക്ഷമാകും.