ദോഹ: ക്യാമ്പിങ് സീസണിന് തുടക്കമായിരിക്കെ മരുഭൂമിയിൽ സാഹസിക യാത്രകൾക്ക് ഉപയോഗിക്കുന്ന ഓൾ ടെറെയിൻ (എ.ടി.വി) വാഹനങ്ങളുടെ ഡ്രൈവർമാർക്ക് നിർദേശങ്ങളുമായി ഹമദ് മെഡിക്കൽ കോർപറേഷനിലെ ഹമദ് ഇഞ്ചുറി പ്രിവൻഷൻ പ്രോഗ്രാം (എച്ച്.ഐ.പി.പി). ക്വാഡ് ബൈക്കുകളിലോ എ.ടി.വികളിലോ സഞ്ചരിക്കുന്ന റൈഡർമാരും ഡ്രൈവർമാരും അവരുടെ കുടുംബാംഗങ്ങളും സുരക്ഷിതരായിരിക്കാൻ ‘പോകുന്നതിനുമുമ്പ് നിങ്ങൾ അറിയുക’ തലക്കെട്ടിലാണ് എച്ച്.ഐ.പി.പി സുരക്ഷ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
ഖത്തർ നാഷനൽ ട്രോമ രജിസ്ട്രിയിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം സീലൈൻ അല്ലെങ്കിൽ മിസഇദ് പ്രദേശങ്ങളിൽ എ.ടി.വി ഉപയോഗിച്ചതിന്റെ ഫലമായി കഴിഞ്ഞ വർഷം 56 പേർക്ക് ഗുരുതരമായതോ അല്ലെങ്കിൽ സാരമായ പരിക്കോ സംഭവിച്ചിട്ടുണ്ട്. ഇതിൽ 40 ശതമാനം പേരും 15 വയസ്സിനു താഴെയുള്ളവരാണ്.
ഓഫ് റോഡ് വാഹനങ്ങൾ ഉപയോഗിച്ചുള്ള സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുടുംബങ്ങൾ തങ്ങളുടെ ക്യാമ്പിങ് സീസൺ സുരക്ഷിതവും പരിക്കുകളിൽനിന്ന് മുക്തമാക്കാൻ സുരക്ഷ മാർഗനിർദേശങ്ങൾ അറിയുകയും നടപ്പാക്കുകയും വേണമെന്ന് ഹമദ് ട്രോമ സെന്റർ ഡോ. റഫയേൽ കൺസുൻജി പറഞ്ഞു.
അധിക ക്വാഡ് ബൈക്കുകളും ഒരാൾക്കുവേണ്ടി മാത്രം രൂപകൽപന ചെയ്തിട്ടുള്ളതാണെന്നും അവയുടെ ഭാരവും ശക്തിയും ഡ്രൈവർമാർ മാത്രമായി കൈകാര്യം ചെയ്യണമെന്നും വ്യക്തമാക്കിയ അദ്ദേഹം, ഒരു എ.ടി.വി സുരക്ഷിതമായി ഓടിക്കുന്നതിന് ഓപറേറ്റർക്ക് മതിയായ കരുത്തും എതിർഭാരവും പരിശീലനവും അനുഭവവും ഉണ്ടായിരിക്കണമെന്നും അറിയിച്ചു.
എ.ടി.വി അപകടങ്ങളിൽപെടുന്നവരിൽ 40 ശതമാനത്തിലധികം പേരും 15 വയസ്സിന് താഴെയുള്ളവരാണെന്നും ക്വാഡ് ബൈക്കുകൾ നിസ്സാരമല്ലെന്നും അവയുടെ വലുപ്പം, ശക്തി, ഭാരം എന്നിവ വലുതാണെന്നും ഇതിനെ നിയന്ത്രിക്കുന്നതിനാവശ്യമായ ശക്തി ചെറിയ കുട്ടികൾക്കില്ലെന്നും എച്ച്.ഐ.പി.പി അസി. ഡയറക്ടർ ഡോ. ഐഷ അബീദ് പറഞ്ഞു. പൂർണ പരിശീലനം ലഭിച്ചവരും പ്രായപൂർത്തിയായവരുമായ ആളുകൾക്ക് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നതിന് ക്വാഡ് ബൈക്കുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. 90 സി.സിയിൽ കൂടുതൽ എൻജിൻ വലുപ്പമുള്ളവ 16 വയസ്സിന് താഴെയുള്ളവർ ഒരിക്കലും പ്രവർത്തിപ്പിക്കരുത് -ഡോ. അബീദ് കൂട്ടിച്ചേർത്തു.
കൊച്ചു കുട്ടികൾ എ.ടി.വി/ക്വാഡ് ബൈക്കുകൾ പ്രവർത്തിപ്പിക്കരുത്, പി.പി.ഇ ഉപയോഗിക്കുക, എ.ടി.വികൾ നിയുക്ത സ്ഥലങ്ങളിൽ മാത്രം ഉപയോഗിക്കണം തുടങ്ങിയ നിർദേശങ്ങൾ എച്ച്.ഐ.പി.പി സുരക്ഷ നിർദേശങ്ങളിൽ ഉൾപ്പെടുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു