ദുബായ് ∙ വികസന ട്രാക്കിൽ കുതിച്ച് ദുബായ് ട്രാം. 9 വർഷത്തിനിടെ 5.2 കോടി പേർ ട്രാമിൽ യാത്ര ചെയ്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. 2014ലാണ് എമിറേറ്റിലെ പൊതുഗതാഗത ശൃംഖലയിൽ ട്രാം സർവീസ് കണ്ണി ചേർന്നത്. അൽ സുഫൂഹിൽ നിന്ന് ആരംഭിച്ച് ജുമൈറ ലേക് ടവേഴ്സ് (ജെഎൽടി) വരെയുള്ള ദൂരം 42 മിനിറ്റിനകം സഞ്ചരിക്കാവുന്ന തരത്തിലാണ് ട്രാം സർവീസ്. പാതയിൽ 11 സ്റ്റേഷനുകളുണ്ട്. 2 മിനിറ്റ് ഇടവിട്ട് ട്രാം ലഭിക്കും.
ദുബായുടെ വിനോദ, സാമ്പത്തിക മേഖലകളായ പാം ജുമൈറ, നോളജ് സിറ്റി, മീഡിയ സിറ്റി, ജെബിആർ, ദുബായ് മറീന എന്നിവയെല്ലാം ട്രാം സർവീസുള്ള റൂട്ടിലാണ്. ദുബായ് മെട്രോ, ബസ്, ടാക്സി, സൈക്കിൾ പാതകൾ എന്നിവയുമായി കോർത്തിണക്കിയുള്ള സർവീസ് ആയതിനാൽ ട്രാം ജനങ്ങൾക്ക് പ്രിയപ്പെട്ടതാണ്.
സുരക്ഷാ വാതിലുകൾ
ഉയർന്ന സുരക്ഷയാണ് ട്രാമിന്റെ സവിശേഷത. സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിൽ ഓട്ടമാറ്റിക് പ്രൊട്ടക്ഷൻ വാതിലുകളുള്ള ആദ്യ ട്രാമാണിത്. യൂറോപ്യൻ രാജ്യങ്ങൾ കഴിഞ്ഞാൽ ഗ്രൗണ്ട് ഫീഡിങ് സംവിധാനത്തോടെ പ്രവർത്തിക്കുന്ന ട്രാം എന്ന പ്രത്യേകതയുമുണ്ട്. വൈദ്യുതി ഊർജ വിതരണത്തിന് ഓവർ ഹെഡ് ഇലക്ട്രിക് കേബിളുകൾ ആവശ്യമില്ല. ശീതീകരിച്ച സ്റ്റേഷനുകൾ ഒരുക്കിയ ലോകത്തെ ആദ്യ ട്രാം സർവീസ് കൂടിയാണിത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു