ദോഹ: കാണുന്നതും കേൾക്കുന്നതുമായ ദുരന്തവാർത്തകൾക്കിടയിൽ ഹൃദയം നുറുങ്ങുന്ന വേദനയോടെ അവർ ഒലിവ് ചെടിയുടെ വേരുകൾ കുഴിയിലേക്ക് ആഴ്ത്തിവെച്ചു.
നട്ട ചെടിക്കുചുറ്റും മണ്ണ് കൂട്ടി, നനച്ചുകൊണ്ട് അവർ, ചോരയിൽ കുതിർന്ന് ജീവനറ്റുവീഴുന്ന ഗസ്സയിലെ തങ്ങളുടെ കൂട്ടുകാരുമായി ഐക്യപ്പെട്ടു. ലോകം നിസ്സംഗതയോടെ നോക്കിനിൽക്കുന്ന ഇസ്രായേലിന്റെ കൊടും ക്രൂരതയിൽ മരിച്ചുപോകുന്ന കുട്ടികളോടും നിരപരാധികളോടുമുള്ള ഐക്യദാർഢ്യം എജുക്കേഷൻ സിറ്റിയിൽ ‘ഗസ്സ ഗാർഡൻ’ ഒരുക്കി പ്രകടിപ്പിക്കുകയാണ് ഒരുകൂട്ടം വിദ്യാർഥികൾ. ഖത്തർ ഫൗണ്ടേഷനു കീഴിലെ പത്തോളം സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളാണ് ഫലസ്തീനികളോടും ഗസ്സയോടുമുള്ള ഐക്യദാർഢ്യം 50 ഒലിവ് മരങ്ങൾ നട്ടുകൊണ്ട് പ്രകടിപ്പിച്ചത്.
ഖത്തർ ഫൗണ്ടേഷന്റെ പ്രീ യൂനിവേഴ്സിറ്റി എജുക്കേഷൻ പദ്ധതിയുടെ ഭാഗമായ ഖത്തർ അക്കാദമി ദോഹയിലെ അധ്യാപിക റോല അൽ അനാനിന്റെ നേതൃത്വത്തിലായിരുന്നു സ്കൂൾ വിദ്യാർഥികൾ തൂമ്പയും മറ്റുമായി ഇറങ്ങി ‘ഗസ്സ പൂന്തോട്ടത്തിന്’ കുഴിയെടുത്തത്. വിദ്യാർഥികളുടെ അഭിപ്രായ രൂപവത്കരണം, സ്വയം അവബോധം സൃഷ്ടിക്കൽ, അവ പ്രകടിപ്പിക്കാനുള്ള സാഹചര്യം എന്നിവക്ക് ഊന്നൽ നൽകുക എന്ന ദോഹ അക്കാദമിയുടെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഗസ്സ വിഷയത്തിൽ വേറിട്ട മാതൃക സ്വീകരിച്ചതെന്ന് അൽ അനാന പറഞ്ഞു.
എജുക്കേഷൻ സിറ്റിയിൽ ഒലിവ് മരങ്ങൾ നട്ട് ‘ഗസ്സ പൂന്തോട്ടം’ ഒരുക്കുന്ന വിദ്യാർഥികൾ
വിദ്യാർഥികൾക്ക് അവരുടെ ചിന്തകളും വൈകാരികതയും പങ്കുവെക്കാനുള്ള പ്രോത്സാഹനം കൂടിയാണ് ഇതുവഴി നൽകുന്നത്. ഫലസ്തീനിലെ സ്ഥിതിഗതികളിൽ ഓരോ വിദ്യാർഥിയും തങ്ങളുടെ വികാരങ്ങൾ പങ്കുവെക്കുന്നു. എന്താണ് അവിടെ സംഭവിക്കുന്നതെന്ന് അവർ അന്വേഷിക്കുന്നു. അവരുടെ ഐക്യദാർഢ്യത്തിന് വഴിയൊരുക്കുകയാണ് ഇപ്പോൾ -അവർ പറഞ്ഞു. ‘‘ഫലസ്തീനിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങളുടെ അധ്യാപകർ പഠിപ്പിച്ചു നൽകുന്നു. ചെടികൾ നട്ട്, ഫലസ്തീനികൾക്കൊപ്പം ചേരുകയാണ് ഞങ്ങൾ. ഈ നിമിഷം എന്റെ ഓർമയിൽ എപ്പോഴുമുണ്ടാവും’’ -10 വയസ്സുകാരനായ ഇബ്രാഹിം അൽ ബോസമിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.
‘‘പണ്ട് ഫലസ്തീനിൽ ഒലിവ് മരങ്ങൾ നട്ടുപിടിപ്പിച്ച കഥകൾ മുത്തശ്ശി പങ്കുവെക്കാറുണ്ടായിരുന്നു. ഇന്ന് ഖത്തറിൽ ഒലിവ് നടുമ്പോൾ എനിക്ക് മുത്തശ്ശിയുടെ വീടുമായി കൂടുതൽ അടുപ്പമുണ്ടാകുന്നു’’ -ഫലസ്തീനിൽ വേരുകളുള്ള 11കാരനായ കിനാൻ നിസാർ മുഹമ്മദിന്റെ വാക്കുകൾ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു