പത്തനംതിട്ട: ലൈഫ് പദ്ധതി പ്രകാരമുള്ള വീടിന്റെ നിർമാണം പൂർത്തിയാക്കാൻ പണം കിട്ടാത്തതിനാൽ ജീവനൊടുക്കിയ ലോട്ടറി കച്ചവടക്കാരൻ ഗോപിയുടെ കുടുംബത്തിന് ഉടൻ പണം നൽകും. ഓമല്ലൂർ പള്ളം പറയനാലി ബിജു ഭവനത്തിൽ ഗോപിക്ക് കിട്ടാനുള്ള രണ്ടുലക്ഷം രൂപ കുടുംബത്തിന് ലഭ്യമാക്കാൻ ലൈഫ് മിഷൻ അധികൃതർ ഓമല്ലൂർ പഞ്ചായത്തുമായി ബന്ധപ്പെട്ടു. ഹഡ്കോ വായ്പയിലൂടെ പണം ലഭ്യമാക്കാനാണ് നീക്കം. പണം നൽകുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി ഉടൻ ചേരും.
ഹഡ്കോ വായ്പ മുടങ്ങിയതിനെ തുടർന്നാണ് ഇത്തരത്തിൽ പണം നൽകാൻ കഴിയാതിരുന്നതെന്നാണ് പഞ്ചായത്ത് അധികൃതർ നൽകുന്ന വിശദീകരണം. പഞ്ചായത്തിന്റെ കൈവശമുണ്ടായിരുന്ന പ്ലാൻ ഫണ്ടിൽ നിന്നാണ് ലൈഫ് പദ്ധതിക്കുള്ള പണം നൽകിയിരുന്നത്. സർക്കാരിൽ നിന്നുള്ള പണം നിലച്ചതിനെ തുടർന്ന് ഹഡ്കോ വായ്പ എടുക്കുന്നതിന് ശ്രമിച്ചിരുന്നു. എന്നാൽ ഇതും ലഭിച്ചില്ലെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു.പഞ്ചായത്തിന്റെ കൈയിലും കൊടുക്കാൻ പണമില്ലാതെ വന്നതോടെ, വാർക്ക പൂർത്തിയാക്കാൻ കഴിയാത്തതിന്റെ മനോവിഷമത്തിലാണ് ഗോപി ജീവനൊടുക്കിയത്. ഓണത്തിന് മുൻപ് വീട്ടിൽ താമസിക്കണമെന്നായിരുന്നു ഗോപിയുടെ ആഗ്രഹം. സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ലൈഫ് മിഷൻ വിഷയത്തിൽ ഇടപെട്ടത്. ഹഡ്കോ വായ്പ വേഗത്തിൽ ലഭ്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗോപിക്ക് ഇനി രണ്ടുലക്ഷം രൂപയാണ് കിട്ടാനുള്ളത്. സിഎസ്ആർ ഫണ്ടിൽ നിന്ന് രണ്ടുലക്ഷം രൂപ ഗോപിയുടെ കുടുംബത്തിന് നൽകാൻ കഴിയുമോ എന്ന കാര്യം പഞ്ചായത്തും ആലോചിക്കുന്നുണ്ട്.
ശനിയാഴ്ച വീടിനു മുൻവശത്തുള്ള റോഡരികിൽ പൊള്ളലേറ്റ് മരിച്ച നിലയിലാണ് ഗോപിയെ കണ്ടെത്തിയത്.മൃതദേഹത്തിനു സമീപത്തുനിന്നു പൊലീസ് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു സന്തോഷ് മുക്ക് മുട്ടുകുടുക്ക റോഡിൽ പള്ളം ഭാഗത്ത്, വീടുപണിക്ക് ഇറക്കിയ മെറ്റൽക്കൂനയ്ക്കടുത്തായിരുന്നു കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
‘ജീവിതത്തിൽ പരാജയപ്പെട്ടവന് ജീവിക്കാൻ അർഹതയില്ല.അതുകൊണ്ട് ഞാൻ പോകുന്നു. വീടിന്റെ പണി എങ്ങും എത്തിയില്ല. പണം കിട്ടാത്തതുകൊണ്ട്. ഓണത്തിനു മുമ്പ് വാർപ്പ് ലെവൽ വരെ എത്തിച്ചതാണ്. ഇതുവരെയും വാർപ്പിനുള്ള തുക കിട്ടിയില്ല. എല്ലാവരും എന്നോട് ക്ഷമിക്കണം’ – ഗോപിയുടെ ആത്മഹത്യാക്കുറിപ്പിലെ വാചകങ്ങൾ ഇങ്ങനെ.
ഒരു വർഷം മുൻപ് ഓമല്ലൂർ പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇദ്ദേഹത്തിന് വീട് അനുവദിച്ചിരുന്നു.ഇതിന്റെ ഭിത്തി നിർമാണം പൂർത്തിയാക്കിയെങ്കിലും പണം ഇല്ലാത്തതിനാൽ മേൽക്കൂര വാർക്കാൻ കഴിഞ്ഞില്ല. പണി പൂർത്തിയാക്കിയ വീട്ടിൽ ഓണം ആഘോഷിക്കണമെന്നാണ് ആഗ്രഹമെന്നു ഗോപി എപ്പോഴും പറയാറുണ്ടായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു.ഗോപിയുടെ രോഗബാധിതയായ ഭാര്യ ലീല ഒരു വർഷമായി ചികിത്സയിലാണ്. അടുത്തിടെ ലീലയുടെ കാലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റിയിരുന്നു. വീടിനോടു ചേർന്നുള്ള ചെറിയ ചായ്പിൽ സൗകര്യം ഇല്ലാത്തതിനാൽ അൽപം മാറി വാടകയ്ക്കു താമസിക്കുന്ന മകളുടെ സംരക്ഷണയിലാണ് ലീല ഇപ്പോൾ.
ഗോപിയുടെ വൃക്കകളിലൊന്ന് മുൻപു നീക്കിയിരുന്നു. രണ്ടാമത്തെ വൃക്കയുടെ പ്രവർത്തനവും തകരാറിലായെങ്കിലും പണം കണ്ടെത്താനാകാതെ വന്നതോടെ തുടർ ചികിത്സ മുടങ്ങി.ലൈഫ് പദ്ധതിയുടെ ആദ്യ ഗഡുവായ 40,000 രൂപയും രണ്ടാം ഗഡുവായ 1,60,000 രൂപയും ഗോപിക്കു ലഭിച്ചിരുന്നു. അവശേഷിക്കുന്ന തുകയായ 2 ലക്ഷത്തിൽ പകുതി മേൽക്കൂര വാർക്കുന്ന ആവശ്യത്തിനു ലഭിച്ചിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാനാകുമായിരുന്നെന്നു മകൾ ടി ജി ബിന്ദുമോൾ പറഞ്ഞു. വെള്ളിയാഴ്ച രാത്രി മകളുടെ വീട്ടിലെത്തി ഭാര്യയ്ക്കൊപ്പം ഭക്ഷണം കഴിച്ചു മടങ്ങിയ ഗോപി 12 മണിയോടെയാണ് തീകൊളുത്തി മരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.