കുവൈത്ത് സിറ്റി: അഞ്ച് ആംബുലൻസുകൾ ഗാസയിലേക്ക് എത്തിച്ച് കുവൈത്ത്. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി നൽകുന്ന ആംബുലന്‍സുകളാണ് ഗാസയിലെത്തിയത്. ആംബുലന്‍സുകള്‍ എത്തിയതായി ഗാസ മുനമ്പിലെ ആരോഗ്യ അധികൃതർ അറിയിച്ചു.
ഇസ്രയേല്‍ ആക്രമണത്തിന് ശേഷം ഗാസ മുനമ്പിലേക്ക് ആംബുലൻസുകൾ എത്തിക്കുന്ന രാജ്യമാണ് കുവൈത്ത് എന്ന് ഗാസയില്‍ ഏയ്ഡ് റിസീവിംഗ് കമ്മിറ്റി തലവൻ ഡോ. മഹ്മ്മൂദ് ഹമ്മദ് പറഞ്ഞു. കുവൈത്ത്, രാജ്യത്തിന്റെ അമീർ, സർക്കാർ, ജനങ്ങൾ, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി, കുവൈത്ത് ചാരിറ്റബിൾ സൊസൈറ്റികൾ എന്നിവർക്ക് ഹമ്മദ് നന്ദി പറഞ്ഞു. ആംബുലൻസ് സേവനങ്ങള്‍ ഗാസയ്ക്ക് നിലവിലെ സാഹചര്യത്തില്‍ അത്യാവശ്യമായിരുന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ 45 ആംബുലൻസുകള്‍ ആണ് തകര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഗാസയിൽ പരിക്കേറ്റ പലസ്തീനികളെ ചികിത്സിക്കാൻ താൽപ്പര്യമുള്ള ആരോഗ്യപ്രവർത്തകർക്കായി യുഎഇയിൽ രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയതായി ആരോഗ്യവകുപ്പ് വെള്ളിയാഴ്ച അറിയിച്ചു. സോഷ്യൽ മീഡിയയിലും അധികൃതർ രജിസ്ട്രേഷൻ ലിങ്ക് പങ്കുവെച്ചിട്ടുണ്ട്.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച ഗാലന്റ് നൈറ്റ്-3 ഓപ്പറേഷന്റെ ഭാഗമായി യുഎഇ ഗാസയിൽ ഫീൽഡ് ആശുപത്രി സ്ഥാപിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ആരോഗ്യപ്രവർത്തകരെ ക്ഷണിക്കുന്നത്. പേര്, ഫോൺ നമ്പർ, എമിറേറ്റ്സ് ഐഡി എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ നൽകണം. ഗാസയിലാണോ ഈജിപ്തിലാണോ അല്ലെങ്കിൽ രണ്ട് സ്ഥലങ്ങളിലുമാണോ സർവീസ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു