കോഴിക്കോട്: സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന് കോഴിക്കോട് തുടക്കം. പലസ്തീന്‍ ജനതയോടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയില്‍ വ്യക്തമാക്കി. പലസ്തീനിലെ ജനങ്ങളോടുള്ള കൊടുംക്രൂരതയ്‌ക്കെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഇന്ത്യ എല്ലാക്കാലത്തും നിലനിന്നത് പല്‌സതീന്‍ ജനതയ്‌ക്കൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രത്തിന്റെ നിലപാടുകളെയെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഐക്യരാഷ്ട്ര സഭയില്‍ നിലപാട് സ്വീകരിച്ചത്. ഇത് രാജ്യത്തെയാകെ അപമാനിക്കുന്ന നടപടിയായിരുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇസ്രയേലുമായുള്ള സഹകരണത്തില്‍ അഭിമാനിക്കുന്ന രാഷ്ട്രീയമാണ് ബിജെപിക്കുള്ളത്. എന്നാല്‍, അത് ഒരു കാരണവശാലും രാഷ്ട്രത്തിന്റെ നിലപാടാക്കി മാറ്റാന്‍ പാടില്ലായിരുന്നു. ബിജെപി നിലപാട് രാഷ്ട്ര നിലപാടായി മാറരുത് എന്നത് ഈ റാലിയിലൂടെ ആവശ്യപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘പലസ്തീന്‍ ജനതയ്‌ക്കെതിരായ നിഷ്ഠൂരമായ നരനായാട്ട് ആരുടെയും മനസ്സിനെ വേദനിപ്പിക്കുന്നതാണ്. ആ തരത്തിലുള്ള ക്രൂരത അവസാനിപ്പിക്കണമെന്നത് ലോകജനതയുടെ അഭിപ്രായമാണ്. ആ അഭിപ്രായമാണ് ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തില്‍ പ്രതിഫലിച്ചിരുന്നത്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ അതിനോട് നിഷേധാത്മക നിലപാട് സ്വീകരിച്ചു. ജീവരക്ഷാ മരുന്നുകള്‍ പോലും നിഷേധിക്കപ്പെട്ട് പിടഞ്ഞ് മരിക്കുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ പാലസ്തീന്‍ തെരുവുകളിലുണ്ട്. ഞങ്ങള്‍ ആ ജനതയോടൊപ്പമല്ല, മറിച്ച് അമേരിക്കന്‍ പിന്തുണയോടുകൂടിയ സയണിസ്റ്റ് ഇസ്രേയല്‍ വാഴ്ചയുടെ കൂടെയാണെന്ന പ്രഖ്യാപനമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയത്. അത്തരമൊരു നിര്‍ലജ്ജമായ നിലപാടിനെതിരേയുള്ള പ്രതിഷേധം കൂടിയാണ് ഈ റാലി’, മുഖ്യമന്ത്രി പറഞ്ഞു.
അനധികൃതമായി കൈയേറിയ ഭൂമിയില്‍നിന്ന് ഇസ്രയേല്‍ വിട്ടുപോകണം. ആ ഭൂമി കൈവശം വെക്കാനോ അവിടെ തുടരാനോ ഇസ്രയേലിന് അവകാശമോ അധികാരമോ ഇല്ല. പലസ്തീനികള്‍ക്കെതിരായ ഉപരോധം ഇസ്രയേല്‍ അവസാനിപ്പിക്കണം. മനുഷ്യത്വപരമായ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു