ഒക്ടോബർ 7 ന് ആരംഭിച്ച ഇസ്രായേൽ ഹമാസ് സങ്കര്ഷം ആഴ്ചകൾ കഴിഞ്ഞിട്ടും അവസാനിക്കാതെ തുടരുകയാണ്. ഓരോ ദിവസം കഴിയുംതോറും സ്ഥിതിഗതികൾ കൂടുതൽ കൂടുതൽ വഷളാവുന്ന കാഴ്ചയാണ്. മിഡിൽ ഈസ്റ്റേൺ മേഖലയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രത്യാഘാതങ്ങൾ പ്രകടമായിത്തീർന്നിരിക്കുന്നു. ബോംബുകളും മിസൈലുകളും പശ്ചിമേഷ്യയെ വിഴുങ്ങുമ്പോൾ അതിന്റെ പ്രതിഫലനങ്ങൾ ലോകത്തെ മുഴുവൻ ബാധിക്കുന്നുണ്ട്.
https://www.youtube.com/watch?v=bY1uyd1vIy8
ശിഥിലമായ തെരുവുകള്‍, കത്തിയെരിഞ്ഞ വാഹനങ്ങള്‍, അനാഥമായ കുഞ്ഞുങ്ങൾ, ഉറ്റവരെയും ഉടയവരെയും നഷ്ടപെട്ട മനുഷ്യർ, ബാക്കിയായ ജീവൻ നിലനിർത്താൻ സുരക്ഷിതയിടങ്ങൾ തേടിയുള്ള പലായനങ്ങള്‍, പരിക്കേറ്റവരേയും കൊണ്ട് പായുന്ന ആംബുലന്‍സുകള്‍, പരിക്കേറ്റവരെ പ്രവേശിപ്പിക്കാനോ ചികില്‍സിക്കാനോ കഴിയാത്ത വിധം തകർന്നടിഞ്ഞ ആശുപത്രികൾ, ശവപ്പുരകളായി മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യകേന്ദ്രങ്ങള്‍, ഒരേ കുഴിമാടത്തില്‍ അര്‍ഹമായ അന്തിമോപചാരം പോലും ലഭിക്കാതെ അടക്കപ്പെടുന്ന ജഡങ്ങള്‍…ഗാസയില്‍ നിന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നേര്‍ക്കാഴ്ചകളാണിവ. അഭയാര്‍ഥി ക്യാമ്പുകള്‍ സ്ഥിതി ചെയ്യുന്നയിടങ്ങള്‍ പോലും സുരക്ഷിതമല്ല ഈ മനുഷ്യർക്ക്. ഗാസയില്‍ ആശുപത്രി മോര്‍ച്ചറികളും ശ്മശാനങ്ങളും നിറഞ്ഞുകവിഞ്ഞതോടെ ആക്രമണങ്ങളില്‍ മരിച്ചവരുടെ ശരീരം സൂക്ഷിക്കാനായി ഐസ്ക്രീം ട്രക്കുകള്‍ ഉപയോഗിക്കുന്നതായും വാര്‍ത്തകളുണ്ട്.
കൂടാതെ ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിന്റെ ഫലമായി നിരവധി പലസ്തീൻ സ്ത്രീകൾ ആർത്തവത്തെ വൈകിപ്പിക്കുന്ന ഗുളികകൾ കഴിക്കാൻ നിർബന്ധിതരാകുന്നു. വെള്ളം, സാനിറ്ററി നാപ്കിനുകൾ, ടാംപണുകൾ തുടങ്ങിയ ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങളുടെ ലഭ്യതക്കുറവ്
ഇസ്രയേല്‍ ഗാസയ്ക്ക് മേല്‍ നടത്തുന്ന ആക്രമണങ്ങള്‍ മനുഷ്യാവകാശ ലംഘനമാണെന്നും ഇത്രെയും വേഗം മനുഷ്യത്വരഹിതമായ യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ലോകരാജ്യങ്ങളിൽ നിന്നും ഇസ്രയേലിനെതിരെ വൻ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.
ആധുനിക ചരിത്രത്തിൽ ഓട്ടോമന്‍ സാമ്രാജ്യത്തിൻ്റെ ഭാഗമായിരുന്ന പഴയ പലസ്തീന് ഭൂരിപക്ഷം മുസ്ലീങ്ങളും, പത്തു ശതമാനത്തോളം ക്രിസ്ത്യാനികളും രണ്ടോ മൂന്നോ ശതമാനം മാത്രം ജൂതന്മാരുമുള്ള മേഖലയായിരുന്നു. ഒന്നാം ലോക മഹായുദ്ധകാലത്ത് ഓട്ടോമെന്‍ സാമ്രാജ്യത്തെ തകര്‍ക്കാന്‍ മതനേതാക്കളുമായി ബ്രിട്ടീഷുകാര്‍ നടത്തിയ ചര്‍ച്ചകളും ഉടമ്പടികളുമാണ് ഇനിയും പരിഹരിക്കാത്ത സംഘര്‍ഷത്തെ പുതിയ പാതയിലേക്ക് നയിച്ചത്. ഓട്ടോമനെ തകര്‍ക്കാന്‍ കൂട്ടുനിന്നാല്‍ പലസ്തീനില്‍ ജൂതര്‍ക്ക് സ്വന്തമായി ഒരു രാജ്യം നല്‍കാമെന്ന് ബ്രിട്ടണ് വാക്കുനല്കിയിരുന്നു. ഇതുപോലെ തന്നെ പലസ്തീനെ വിഭജിച്ച് നല്‍കാമെന്ന് അറബ് അധികാര കേന്ദ്രങ്ങള്‍ക്കും ഫ്രഞ്ചുകാര്‍ക്കും അവര്‍ ഒരേസമയം വാക്കു നല്കി.
ബ്രിട്ടീഷ് കോളനിയായ പലസ്തീന് മേഖലയില്‍ ജൂതന്മാരേയും ക്രിസ്ത്യാനികളേയും മുസ്ലീങ്ങളേയും ഭിന്നിപ്പിച്ച് ഭരിക്കാനും അവർ തുടങ്ങി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1947-ല്‍ ഐക്യരാഷ്ട്രസഭ ഇടപെട്ട് പലസ്തീനെ വിഭജിക്കാന്‍ കൊണ്ടുവന്ന ഫോര്‍മുലയാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പലസ്തീനെ വിഭജിച്ച് ഒരു പ്രദേശത്തെ ജൂതപ്രദേശമാക്കുകയും, മറ്റു ചില പ്രദേശങ്ങളെ പലസ്തീനാക്കി മാറ്റുകയും ജെറുസലേമിനെ അന്താരാഷ്ട്ര നഗരമാക്കി പരിപാലിക്കുകയും ചെയ്യുക എന്നായിരുന്നു ആ ഫോര്‍മുല. ജൂതര്‍ക്ക് ഒന്നിച്ചു കിടക്കുന്ന പ്രദേശമാണ് ലഭിക്കുകയെങ്കില്‍ പലസ്തീന് പലയിടത്തായി ചിതറി കിടക്കുന്ന വെസ്റ്റ് ബാങ്കും ഗാസ സ്ട്രിപ്പുമൊക്കെയായിരുന്നു ലഭിക്കുക.
1967ല്‍ ഇസ്രായേല്‍ ഈജിപ്റ്റിനും സിറിയയ്ക്കുമെതിരെ വ്യോമാക്രമണം നടത്തി. ആറ് ദിവസം നീണ്ടുനിന്ന യുദ്ധമായിരുന്നു ഇത്. ഈ ആക്രമണത്തിലൂടെ സിനായ്, ഗാസാ മുനമ്പ്, വെസ്റ്റ് ബാങ്ക്, ജറുസലേം, ഗോലാന്‍ കുന്നുകള്‍ എന്നിവ പിടിച്ചെടുക്കാന്‍ ഇസ്രായേലിന് കഴിഞ്ഞു. ഈ പ്രദേശങ്ങളിലേക്ക് ജൂതവിശ്വാസികള്‍ കുടിയേറാനും തുടങ്ങി. ഇന്നും ഈ കുടിയേറ്റം തുടരുന്നു.
ആറ് വര്‍ഷത്തിന് ശേഷം ഇസ്രായേലിനെതിരെ പ്രത്യാക്രമണവുമായി ഈജിപ്റ്റും സിറിയയും രംഗത്തെത്തി. 1973ലാണ് ഇരുശക്തികളും ഇസ്രായേലിനെ ആക്രമിച്ചത്. തങ്ങളുടെ നഷ്ടപ്പെട്ട പ്രദേശം പിടിച്ചെടുക്കാനായിരുന്നു ഈ ആക്രമണം. എന്നാല്‍ ഈ ആക്രമണം ഇരു രാജ്യങ്ങള്‍ക്കും ഗുണം ചെയ്തില്ല. എന്നാല്‍ 1982ല്‍ സിനായ് പ്രദേശം ഈജിപ്റ്റിന് തിരികെ ലഭിച്ചിരുന്നു.
1987ല്‍ ഒന്നാം ഇന്തിഫാദയ്ക്ക് തുടക്കം കുറിച്ചു. ഇസ്രായേല്‍ ഭരണത്തിനെതിരെ നൂറുകണക്കിന് പലസ്തീന് വംശജര്‍ നടത്തിയ മുന്നേറ്റമാണ് ഒന്നാം ഇന്‍തിഫാദ. ഗാസ മുനമ്പിലെയും വെസ്റ്റ് ബാങ്കിലേയും പലസ്തീന് വംശജരാണ് ഈ പ്രതിരോധത്തില്‍ മുന്നിട്ട് നിന്നത്.
1993വരെയാണ് ഒന്നാം ഇന്‍തിഫാദ തുടര്‍ന്നത്. ഈ സമയത്താണ് ഹമാസ് എന്ന സംഘടന ആരംഭിച്ചത്. ഹരകത്ത് അല്‍-മുഖവാമ അല്‍-ഇസ്ലാമിയ്യയുടെ ചുരുക്കപ്പേരാണ് ഹമാസ്. പലസ്തീനിയന്‍ പുരോഹിതനായ ഷെയ്ഖ് അഹമ്മദ് യാസിനാണ് ഈ സംഘടന രൂപീകരിച്ചത്.
1993ലാണ് പലസ്തീന് നേതാവായ യാസര്‍ അറാഫത്ത് ഓസ്ലോ കരാറില്‍ ഒപ്പുവെച്ചത്. ഇസ്രായേലുമായുള്ള സംഘര്‍ഷത്തിന് പരിഹാരം കാണുവാനുള്ള സമാധാന ഉടമ്പടിയായിരുന്നു ഇത്. 27 വര്‍ഷത്തെ പ്രവാസത്തിന് ഒടുവില്‍ 1994ല്‍ പലസ്തീന് അതോറിറ്റി രൂപീകരിക്കുന്നതിനായി അദ്ദേഹം പലസ്തീന് പ്രദേശങ്ങളിലേക്ക് എത്തി. ഗാസാ മുനമ്പില്‍ സ്വയം ഭരണാധികാരം ഏര്‍പ്പെടുത്തിയ സമയമായിരുന്നു അത്. എന്നാല്‍ ഈ ഉടമ്പടി അംഗീകരിക്കാന്‍ ഹമാസ് തയ്യാറായില്ല. അവര്‍ വീണ്ടും ആക്രമണം തുടര്‍ന്നുകൊണ്ടിരുന്നു.
2000ല്‍ പലസ്തീനികള്‍ വീണ്ടും രണ്ടാം ഇന്‍തിഫാദ ആരംഭിച്ചു. 2005വരെ ആണ് അത് നീണ്ടുനിന്നത്.
2013ല്‍ ഇസ്രായേല്‍ സര്‍ക്കാരും പലസ്തീന് അതോറിറ്റിയും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാന്‍ അമേരിക്ക ശ്രമിച്ചു. 2014ല്‍ ഇസ്രായേല്‍ സൈന്യവും ഹമാസും തമ്മില്‍ സൈനിക ഏറ്റമുട്ടലുണ്ടായിരുന്നു. ഹമാസിന്റെ റോക്കറ്റാക്രമണം തടയാന്‍ ഇസ്രായേലും മുന്നിട്ട് നിന്നു.
ഒടുവിൽ, ഒക്ടോബര്‍ 7, 2023 ഹമാസിന്റെ പ്രവര്‍ത്തകര്‍ ടെല്‍ അവീവിൽ ഇരച്ചെത്തി ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനെതിരെ ഇസ്രായേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 370 പലസ്തീനികളും മരിച്ചു. പോരാട്ടം ശക്തമാക്കുമെന്ന് ഇസ്രായേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. നിരവധി ഇസ്രായേലി പൗരന്മാരെ തട്ടിക്കൊണ്ടുവന്നതായി ഹമാസും വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രയേല്‍-ഹമാസ് യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയില് പ്രകടമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീതാ ഗോപിനാഥ്.സംഘര്‍ഷം മറ്റു മേഖലകളെ കൂടി ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ എണ്ണവില ഉയർന്നേക്കാം. അങ്ങനെ സംഭവിച്ചാൽ അത് പണപ്പെരുപ്പം രൂക്ഷമാക്കിയേക്കുമെന്നും ഇത് ആഗോള ജി.ഡി.പി.യെ ബാധിച്ചേക്കുമെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു