തിരുവനന്തപുരം: സപ്ലൈകോയിലെ 13 ഇന അവശ്യസാധനങ്ങളുടെ വിലവർധന ജനുവരിയോടെന്ന് സൂചന. വിലവർധന പൊതുവിപണിയിലെ സാഹചര്യം കൂടി കണക്കിലെടുത്താകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ‘മീഡിയവണി’നോട് പറഞ്ഞു. സപ്ലൈകോയ്ക്ക് പ്രതിമാസം 50 കോടിയും പ്രതിവർഷം 600 കോടിയിലധികവും ബാധ്യത വരുന്നുണ്ടെന്നും അതിനു പരിഹാരമുണ്ടാക്കാനുള്ള ക്രമീകരണമാണു നടക്കുന്നതെന്നും വിലക്കയറ്റമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം ശ്വാസംമുട്ടിക്കുകയാണ്. പക്ഷെ, ജനങ്ങളെ പ്രയാസത്തിലേക്ക് തള്ളിവിടില്ല. ബാധ്യത പരിഹരിക്കാൻ പ്രായോഗിക ക്രമീകരണങ്ങൾ ആലോചിക്കുന്നുണ്ട്. ഉത്പന്നങ്ങൾക്ക് മാർക്കറ്റ് വിലയെക്കാൾ താഴ്ന്ന വിലയിൽ മാത്രമേ വില വർധിപ്പിക്കുകയുള്ളൂ. ഈ പോസ് മെഷീൻ തകരാറിലാവുന്നത് ആധാർ ഓതന്റിക്കേഷനിലുള്ള വീഴ്ച്ചയാണെന്നും മന്ത്രി പറഞ്ഞു.
സർക്കാർ വില വർധിപ്പിച്ചിട്ടില്ല. നാളെ വില വർധിപ്പിക്കാനും പോകുന്നില്ല. പ്രായോഗികമായ ചില ക്രമീകരണങ്ങളാണ് ആലോചിക്കുന്നത്. സബ്‌സിഡി ഉൽപന്നങ്ങളുടെ വിൽപനയിലൂടെ പ്രതിമാസം 50 കോടിയിലധിരം രൂപയുടെ ബാധ്യത വരുന്നുണ്ട്. ഒരു വർഷം അത് 600 കോടിയാകും. മാർക്കറ്റ് വിലയെക്കാൾ വലിയ വിലക്കുറവിലാണ് സപ്ലൈകോയിൽ നൽകുന്നത്. ചില ക്രമീകരണങ്ങൾ വരുത്തുമെന്നും ജി.ആർ അനിൽ പറഞ്ഞു.