തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ ആരോപണവുമായി ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗന് രംഗത്ത്. എല്‍ഡിഎഫിലെ ഒരു ഉയര്‍ന്ന നേതാവാണ് കുഴപ്പങ്ങള്‍ ഉണ്ടാക്കിയത്. ഇദ്ദേഹം പറഞ്ഞിട്ടാണ് 48 കോടി 101 കോടി ആക്കിയതെന്ന് ഭാസുരാംഗൻ ആരോപിച്ചു.
നേതാവിന്റെ പേര് സഹിതം പാര്‍ട്ടിയില്‍ പരാതി നല്‍കിയിട്ടുണ്ട്. തനിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തെങ്കിലും സിപിഐക്കാരനായി തുടരുമെന്നും ഭാസുരാംഗന് വ്യക്തമാക്കി.
തന്നെ ഇഡി കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ചോദ്യം ചെയ്യല്‍ മാത്രമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഇഡി ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഭാസുരാംഗന് വ്യക്തമാക്കി.
ഇന്ന് വൈകിട്ടാണ് ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭാസുരാംഗനെ ഡിസ്ചാര്‍ജ് ചെയ്തത്. ഡിസ്ചാര്‍ജായ ഭാസുരാംഗനെയും മകൻ അഖില്‍ ജിത്തിനെയും ഇഡി ഉദ്യോഗസ്ഥര്‍ ഇന്നും ചോദ്യം ചെയ്തു.
അതേസമയം കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പിൽ ഇഡിയുടെ പരിശോധന പൂർത്തിയായി. 44 മണിക്കൂർ പിന്നിട്ട പരിശോധന അർധരാത്രിയാണ് പൂർത്തിയായത്. ബാങ്കിൽനിന്നു സുപ്രധാന രേഖകളും സിപിയു ഹാർഡ് ഡിസ്ക് അടക്കമുള്ളവയും ഇഡി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അതിനിടെ കഴിഞ്ഞ ദിവസം ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. മകൻ അഖിൽജിത്തിന്റെ ആഡംബര കാറും ഇഡി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു