ന്യൂഡല്‍ഹി: ഗവർണർമാർ തീകൊണ്ട് കളിക്കരുതെന്ന് സുപ്രീം കോടതി. ഗവർണർമാർ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളുടെ ഉപദേശമനുസരിച്ച് പ്രവർത്തിക്കണം. ഗവര്‍ണര്‍ക്കെതിരായ പഞ്ചാബ് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം.
പാര്‍ലമെന്ററി സംവിധാനത്തില്‍ യഥാര്‍ത്ഥ അധികാരം ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ക്കാണെന്നും രാഷ്ട്രപതിയുടെ നോമിനിയായ ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ അധികാരം ഇല്ലാത്ത തലവന്‍ മാത്രമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നിയമസഭ പാസാക്കിയ ബില്ലുകൾ തീർപ്പാക്കുന്നതിലെ കാലതാമസം ശരിയല്ല. ബില്ലുകൾ അനിശ്ചിതമായി പിടിച്ചുവെക്കാൻ ഗവർണർക്ക് കഴിയില്ല. ഗവർണർമാർ ഇങ്ങനെ പെരുമാറിയാൽ പാർലമെന്ററി ജനാധിപത്യവും സർക്കാരും എങ്ങനെ മുന്നോട്ടുപോകുമെന്ന് കോടതി ചോദിച്ചു. രാജ്യത്ത് സ്ഥാപിതമായ നിഷ്ഠകളും സമ്പ്രദായങ്ങളുമുണ്ട്. അവ എല്ലാരും പിന്തുടരേണ്ടതുണ്ടെന്നും കോടതി ഓർമിപ്പിച്ചു.
ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍കൂടി അടങ്ങുന്നതാണ് സര്‍ക്കാരെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിയമസഭയുടെ നിരീക്ഷണത്തിലുള്ളതും ജനങ്ങളോട് ഉത്തരവാദിത്വം പുലർത്തുന്നതുമാണെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ സഹായത്തോടെയും ഉപദേശത്തിന്റെ അടിസ്ഥാനത്തിലുമാണ് ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് അടിസ്ഥാന തത്വം. ഭരണഘടനാപരമായ വിഷയങ്ങളില്‍ സര്‍ക്കാരിന് മാര്‍ഗനിര്‍ദേശം നല്‍കുക എന്നതാണ് ഗവര്‍ണര്‍ക്കുള്ള ചുമതലയെന്നും സുപ്രീം കോടതി വ്യക്തമാക്കി.
എന്നാൽ ചട്ടപ്രകാരമല്ല പഞ്ചാബ് സർക്കാർ നിയമസഭ വിളിച്ചു ചേർത്തതെന്ന് ഗവർണറുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. സഭാ സമ്മേളനം സാധുവാണോ അല്ലയോ എന്ന് ഗവര്‍ണര്‍മാര്‍ക്കെങ്ങനെ വിധി പറയാന്‍ കഴിയുമെന്നും സുപ്രീംകോടതി മറുചോദ്യം ഉന്നയിച്ചു. പഞ്ചാബ് സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു. സഭാസമ്മേളനം ചേരാത്തതിലാണ് പഞ്ചാബ് സര്‍ക്കാരിനെയും ഗവര്‍ണറെയും വിമര്‍ശിച്ചത്.
നിയമസഭ പാസ്സാക്കിയ 12-ഓളം ബില്ലുകളാണ് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി തീരുമാനമെടുക്കാതെ പിടിച്ചുവച്ചിരിക്കുന്നതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആരോപിച്ചു. ഇതിനുപുറമെ സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കും ഗവര്‍ണര്‍ അനുമതി നല്‍കുന്നില്ല. ഗവര്‍ണറുടെ ഈ നടപടി ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. തമിഴ്‌നാട് സര്‍ക്കാര്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ നവംബര്‍ 20-ന് വിശദമായി വാദംകേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. അന്ന് കോടതിയില്‍ ഉണ്ടായിരിക്കണമെന്ന് അറ്റോര്‍ണി ജനറലിനോടും സോളിസിസ്റ്റര്‍ ജനറലിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടു.
അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ പ്രത്യേക അനുമതി ഹർജി ഫയൽ ചെയ്തിരിക്കുകയാണ്. ഒരാഴ്ചയ്‌ക്കിടെ ഫയൽ ചെയ്യുന്ന രണ്ടാമത്തെ ഹർജിയാണിത്. ഗവർണറെ കക്ഷിചേർക്കണമെന്നാണ് ആവശ്യം.
സംസ്ഥാന ചീഫ് സെക്രട്ടറിയും സംസ്ഥാന നിയമ സെക്രട്ടറിയുമാണ് പ്രത്യേക അനുമതി ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നത് ഗവർണർ ജനങ്ങളോടും നിയമസഭ അംഗങ്ങളോടും ചെയ്യുന്ന കടുത്ത അനീതിയാണെന്നും സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു