തിരുവനന്തപുരം ∙ കണ്ടല സർവീസ് സഹകരണ ബാങ്കിൽ 101 കോടിയുടെ ക്രമക്കേട് നടത്തിയ മുൻ പ്രസിഡന്റ് എൻ.ഭാസുരാംഗന്റെ കുടുംബം നയിച്ചത് അത്യാഡംബര ജീവിതമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. മകൻ അഖിൽജിത്തിന്റെ ആഡംബര ജീവിതത്തെക്കുറിച്ച് സിപിഐയ്ക്കുള്ളിൽ എതിർപ്പ് ഉയർന്നിരുന്നു. ആഡംബര കാറിലായിരുന്നു അഖിലിന്റെ സഞ്ചാരം. സിപിഐയിലും സിപിഎമ്മിലും കോൺഗ്രസിലും ഉന്നത നേതാക്കളുമായി ബന്ധമുള്ളതിനാൽ പരാതികളിൽ നടപടിയുണ്ടായില്ല. ആഡംബര കാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പിടിച്ചെടുത്തു. അഖിലിന്റെ പണ ഇടപാടുകളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. അഖിൽ നാട്ടിൽ സൂപ്പർ മാർക്കറ്റ് നടത്തിയിരുന്നെങ്കിലും പിന്നീട് പൂട്ടി. പൂജപ്പുരയിൽ റസ്റ്ററന്റും നടത്തിയിരുന്നു. കുടുംബം നടത്തിയ ഭൂമി ഇടപാടുകളെ സംബന്ധിച്ചും ഇ.ഡി അന്വേഷിക്കുന്നുണ്ട്.
കോൺഗ്രസ് വിട്ട് 2006ൽ സിപിഐയിലെത്തിയ ഭാസുരാംഗന് എല്ലാ പാർട്ടികളുമായും ബന്ധമുണ്ടായിരുന്നു. എല്ലാ പാർട്ടിക്കാരെയും സാമ്പത്തികമായി സഹായിച്ചതിനാൽ പരാതികൾ ഒതുക്കാനുമായി. പാർട്ടി നേതാക്കൾ ശുപാർശ ചെയ്യുന്നവർക്ക് ബാങ്കിലും മറ്റ് സ്ഥാപനങ്ങളിലും നിയമനങ്ങളും നൽകിയിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് വിവിധ പാർട്ടികളിലെ നേതാക്കൾക്കു പ്രചാരണത്തിനായി വലിയ തുക സംഭാവനയായി നൽകിയിരുന്നതായി സിപിഐക്കുള്ളിൽ സംസാരമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാട്ടാക്കടയിലെ സിപിഎം സ്ഥാനാർഥിയെ തോൽപിക്കാൻ ഭാസുരാംഗൻ ശ്രമിച്ചിരുന്നതായി ആക്ഷേപം ഉയർന്നിരുന്നു.
സ്ഥാനാർഥിക്ക് നേരിട്ട് താക്കീത് നൽകേണ്ട സാഹചര്യമുണ്ടായി. ഉന്നത സിപിഎം നേതാക്കളെ അറിയിച്ചതോടെയാണ് ഭാസുരാംഗൻ എതിർചേരിക്കായുള്ള പ്രവർത്തനം അവസാനിപ്പിച്ചതെന്ന് പ്രാദേശിക നേതൃത്വം പറയുന്നു. നേതാക്കളുടെ ബെനാമി നിക്ഷേപങ്ങൾ ബാങ്കിലുണ്ടായിരുന്നതായി ഇ.ഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. നേതാക്കൾക്കായി വാഹനം വിട്ടു നൽകുന്ന രീതിയും ഭാസുരാംഗന് ഉണ്ടായിരുന്നു. സിപിഐയിലെ ജില്ലയിലെ പ്രധാന നേതാക്കളുമായും സംസ്ഥാന നേതാക്കളിൽ ചിലരുമായും ഭാസുരാംഗൻ അടുത്ത ബന്ധം പുലർത്തി. ഇവരിൽ ചിലർക്ക് സാമ്പത്തിക സഹായം സ്ഥിരമായി ലഭിച്ചിരുന്നതായി സിപിഐ നേതാക്കൾ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു