തിരുവനന്തപുരം: കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ നൂറുകണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് ഭാസുരാംഗൻ മാത്രമല്ലെന്നും തട്ടിപ്പിന് നേതൃത്വം നൽകിയവരിൽ ഉന്നതരായിട്ടുള്ള ഭരണകക്ഷി നേതാക്കന്മാരുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് തട്ടിപ്പ് പണം ലഭിച്ചിട്ടുണ്ട് എന്നുള്ളത് ഉറപ്പാണ്. സിപിഐയുടെ പ്രമുഖ നേതാവിനും തട്ടിപ്പ് തുകയില്‍ നിന്ന് മാസപ്പടി കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കണ്ടല സർവീസ് സഹകരണ ബാങ്കിൽ നൂറുകണക്കിന് കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഭാസുരാംഗനെതിരെ സിപിഐ നടപടി എടുത്തത് പാര്‍ട്ടി നേതൃത്വത്തിനെതിരെ മൊഴി പറഞ്ഞതുകൊണ്ടാണ്. ഇത്രകാലവും ഭാസുരാംഗനെ വെള്ളപൂശിയവരാണ് ഇപ്പോള്‍ നടപടിയുമായി രംഗത്തുവന്നിരിക്കുന്നത്. ഇത് കണ്ണില്‍ പൊടിയിടാനുളള തന്ത്രം മാത്രമാണ്. ഇതുതന്നെയാണ് കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൻറെയും സ്ഥിതിയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ഇപ്പോൾ നിലവിലുള്ള പ്രതികൾ മാത്രമല്ല ഉന്നതരായിട്ടുള്ള ഭരണകക്ഷി നേതാക്കന്മാർ മുൻ മന്ത്രിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ ഒക്കെയുള്ള പ്രമുഖർ, കരുവന്നൂർ, കണ്ടല സഹകരണ സംഘം തട്ടിപ്പിലെ പണം കടത്തിക്കൊണ്ട് പോയിട്ടുണ്ട്. അവരും ഈ അഴിമതിയിൽ പങ്കാളികളാണ്. കേരളമാകെ സഹകരണ ബാങ്കുകളെ കൊള്ളയടിക്കുക എന്നുള്ള ഒരു സമീപനമാണ് സിപിഐഎമ്മും, സിപിഐയ്യും, കോൺഗ്രസ്സുമെല്ലാം കൈക്കൊള്ളുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
സഹകരണ ബാങ്കുകളെ കറവപശുവാക്കിയതിന്റെ ഉത്തരവാദി മുഖ്യമന്ത്രി തന്നെയാണ്. സഹകരണ കൊള്ളയ്ക്ക് നേതൃത്വം നല്‍കിയതും മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ കലത്തില്‍ മുഴുവന്‍ ഇപ്പോള്‍ കറുത്ത വറ്റ് മാത്രമാണുള്ളതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിയന്ത്രണം വേണമെന്നും കെ.വൈ.സി , കോമണ്‍ സോഫ്റ്റ് വെയര്‍ എന്നിവ ഏര്‍പ്പടുത്തണമെന്നും പറഞ്ഞപ്പോള്‍ അതിനെതിരെ സമരം ചെയ്ത ആളാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതാക്കള്‍ക്കും കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപാധിയായി സഹകരണ മേഖലെയ മാറ്റുകയായിരുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു