ഷാർജ: അടുത്ത വർഷം നടക്കുന്ന ഗ്രീസിലെ തസ്സലോനികി അന്താരാഷ്ട്ര പുസ്തകമേളയിൽ ഷാർജ മുഖ്യാതിഥിയാകും. ഇത് സംബന്ധിച്ച കരാറിൽ ഷാർജ ബുക് അതോറിറ്റിയും ഹെലിനിക് ഫൗണ്ടേഷൻ ഫോർ കൾചറും കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിലാണ് ചടങ്ങ് നടന്നത്. യു.എ.ഇയെയും അറബ് സംസ്കാരത്തെയും പ്രതിനിധാനംചെയ്ത് പുസ്തകമേളയിൽ പങ്കെടുക്കുന്നതിന് അഭിമാനമുണ്ടെന്നും എമിറേറ്റിന്റെ സാഹിത്യ സഞ്ചാരത്തിൽ നാഴികക്കല്ലാണിതെന്നും അതോറിറ്റി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അതോറിറ്റി ഇവന്റ്സ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ ഖൗല അൽ മുജൈനിയും ഫൗണ്ടേഷൻ പ്രസിഡന്റ് നികോസ് കൗകിസുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
2024 മെയ് 16 മുതൽ 19 വരെയാണ് തസ്സലോനികി അന്താരാഷ്ട്ര പുസ്തകമേള. തസ്സലോനികി അന്താരാഷ്ട്ര പുസ്തകമേളയിലെ ഷാർജയുടെ പങ്കാളിത്തം യൂറോപ്പുമായി ആഴത്തിലുള്ള സംവാദത്തിൽ ഏർപ്പെടാൻ ഇമറാത്തിനും അറബ് സംസ്കാരത്തിനും അവസരമൊരുക്കുമെന്ന് ചടങ്ങിൽ സംബന്ധിച്ച ഷാർജ ബുക് അതോറിറ്റി സി.ഇ.ഒ അഹമ്മദ് അൽ ആമിരി പറഞ്ഞു.
തസ്സലോനികി ബുക്ക് ഫെയറിന്റെ 20ാമത് എഡിഷനിൽ വിശിഷ്ടാതിഥിയാകാനുള്ള ക്ഷണം ഷാർജ സ്നേഹപൂർവം സ്വീകരിച്ചതിൽ വളരെയധികം ആഹ്ലാദമുണ്ടെന്ന് നികോസ് കൗകിസും പ്രസ്താവിച്ചു. ഷാർജയുടെ പങ്കാളിത്തം ആശയവിനിമയത്തിന്റെ പുതിയ വഴികൾ തുറക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഇത് ഗ്രീസിന്റെ ഷാർജ, യു.എ.ഇ, അറബ് ലോകം എന്നിവക്കിടയിലുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തും -അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം നടന്ന കൊറിയൻ പുസ്തകോത്സവത്തിൽ ഷാർജ അതിഥിയായി പങ്കെടുത്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു