ദുബൈ: വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് കണക്കിലെടുക്കുമ്പോൾ ദുബൈ നഗരത്തിന് പുതിയ ടോൾ ഗേറ്റ് ആവശ്യമാണെന്ന് വിലയിരുത്തി ദുബൈയിലെ ടോൾ ഗേറ്റ് ഓപറേറ്റിങ് കമ്പനിയായ സാലിക്ക് സി.ഇ.ഒ ഇബ്രാഹിം അൽ ഹദ്ദാദ്. എന്നാൽ, അത് സ്ഥാപിക്കാനുള്ള തീരുമാനം ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) യുടേതാണെന്നും ദുബൈ എക്സിക്യൂട്ടിവ് കൗൺസിലിന്റെ അനുമതിയെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രാഫിക് നിയന്ത്രിക്കുന്നതിനും അതോടൊപ്പം സർക്കാറിന് പുതിയ വരുമാന സ്രോതസ്സ് എന്ന നിലയിലും 2007ൽ ആണ് ആർ.ടി.എ ദുബൈയിൽ ആദ്യമായി ടോൾ ഗേറ്റ് അവതരിപ്പിച്ചത്.
ശൈഖ് സായിദ് റോഡ് ഉൾപ്പെടെ ദുബൈ നഗരത്തിലെ പ്രധാന ഇടനാഴികളിലായി എട്ട് ടോൾ ഗേറ്റുകൾ നിലവിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ഈ വർഷം ആദ്യ പകുതിയിൽ മാത്രം 293 ദശലക്ഷം ട്രിപ്പുകളാണ് ടോൾ ബൂത്തുകളിൽ രേഖപ്പെടുത്തിയത്. 2022 ജനുവരി മുതൽ ജൂൺ വരെ കാലയളവിനെ അപേക്ഷിച്ച് 9.8 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ടോൾ ഗേറ്റ് വഴി കടന്നുപോകുന്ന ഓരോ ട്രിപ്പിനും നാല് ദിർഹമാണ് നിരക്ക് ഈടാക്കുന്നത്. ‘ഈ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ തീർച്ചയായും ഒരു ടോൾ ഗേറ്റ് കൂടി നഗരത്തിന് ആവശ്യമാണ്. എങ്കിലും തീരുമാനമെടുക്കേണ്ടത് ആർ.ടി.എ ആണ്. ശേഷം ദുബൈ എക്സിക്യൂട്ടിവ് കൗൺസിലിന്റെ അംഗീകാരവും ആവശ്യമാണ്. ഔദ്യോഗികമായി ഇക്കാര്യത്തിൽ ഉറപ്പുലഭിക്കുന്ന മുറക്ക് ഭാവിയിൽ പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തിപ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുസ്ഥിരത സംരംഭത്തിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളെ ടോളിൽനിന്ന് ഒഴിവാക്കിയിരുന്നു. അതോടൊപ്പം പേപ്പർരഹിത ഇടപാടുകളും കൊണ്ടുവന്നിരുന്നു. ഇ.എസ്.ജി (പരിസ്ഥിതി, സാമൂഹിക, ഭരണ നിർവഹണം) ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കഴിഞ്ഞ വർഷം കമ്പനി നടത്തിയ ഐ.പി.ഒക്ക് നിക്ഷേപകരിൽനിന്ന് വലിയ പ്രതികരണം ലഭിച്ചിരുന്നു. 184.2 ശതകോടി ഓഹരികളാണ് ഐ.പി.ഒയിൽ വിറ്റഴിഞ്ഞത്. ഇതുവഴി 3.7 ശതകോടിയോളം ദിർഹം സമാഹരിക്കാനും കഴിഞ്ഞു. കൂടാതെ ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ സാലികിന്റെ ഓഹരിക്ക് വലിയ പ്രതികരണമാണ് ലഭിച്ചുവരുന്നത്. ചൊവ്വാഴ്ച സാലിക് ഓഹരികളുടെ വ്യാപാരം നടന്നത് 3.16 ദിർഹമിനാണ്.
പുതിയ നിക്ഷേപം: പ്രചാരണം വ്യാജമെന്ന് സാലിക്ക്
ദുബൈ: ദുബൈയിലെ ടോൾ ഗേറ്റ് ഓപറേറ്റർമാരായ സാലിക്ക് പുതിയ നിക്ഷേപം സ്വീകരിക്കുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണെന്ന് കമ്പനി അറിയിച്ചു. സാലിക്ക് ഓഹരിയിൽ 950 ദിർഹം നിക്ഷേപിച്ചാൽ സ്ഥിരം വരുമാനം ലഭിക്കുമെന്ന് കാണിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി സമൂഹ മാധ്യമങ്ങളിൽ പരസ്യം പ്രത്യക്ഷപ്പെടുന്ന സാഹര്യത്തിലാണ് കമ്പനിയുടെ വിശദീകരണം.
സാലിക്കിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക മാർഗങ്ങളെ മാത്രമേ ആശ്രയിക്കാവൂവെന്നും വ്യാജ സമൂഹ മാധ്യമ പോസ്റ്റുകളിൽ വഞ്ചിതരാവരുതെന്നും സാലിക്ക് സി.ഇ.ഒ ഇബ്രാഹിം അൽ ഹദ്ദാദ് മുന്നറിയിപ്പു നൽകി. സാലിക്ക് ഓഹരികൾ വാങ്ങുന്നതിനായി സൗജന്യ കൺസൽട്ടൻസി സേവനം വാഗ്ദാനം ചെയ്തും സമൂഹ മാധ്യമങ്ങളിൽ വിഡിയോകളും ശബ്ദസന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ഇതെല്ലാം വ്യാജമാണെന്നും ഇതിനെതിരെ പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. റോഡിന് നടുവിലുള്ള ലൈനുകളിൽ കൂടി പോയാൽ ടോൾ ഗേറ്റിനെ വഞ്ചിക്കാമെന്ന പ്രചാരണവും അദ്ദേഹം തള്ളി. ആർ.എഫ്.ഐ.ഡി സാങ്കേതികവിദ്യ മാത്രമല്ല, കാറിന്റെ നമ്പർ പ്ലേറ്റ് റീഡ് ചെയ്യാവുന്ന കാമറയും ടോൾ ഗേറ്റുകളിൽ ഘടിപ്പിച്ചിട്ടുണ്ട്.
ടോൾ ഗേറ്റ് വഴി കടന്നുപോകുന്ന മുഴുവൻ വാഹനങ്ങളെയും നിരീക്ഷിക്കാവുന്ന കാര്യക്ഷമമായ സംവിധാനമാണ് സാലിക്ക് പിന്തുടരുന്നതെന്നും ശക്തമായ സംവിധാനം തന്നെ അതിനായി ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത സാലിക്ക് ഐ.പി.ഒ വഴി 3.7335 ശതകോടി ദിർഹമിന്റെ നിക്ഷേപം സ്വീകരിച്ച ശേഷം കഴിഞ്ഞ വർഷം മുതൽ കമ്പനിയുടെ ഓഹരികൾക്ക് റെക്കോഡ് ഡിമാൻഡാണ് ദൃശ്യമായത്. രണ്ട് ദിർഹമായിരുന്നു ഓഹരിയുടെ പ്രാഥമിക വില. ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത ശേഷം സാലിക്കിന്റെ ഓഹരി മൂല്യം 60 ശതമാനം വരെ ഉയർന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു