മനാമ: പവിഴദ്വീപിന്റെ സ്നേഹവും കരുതലും ആസ്വദിച്ച് മതിയായിട്ടില്ലെങ്കിലും അലിക്കുട്ടി ഇന്ന് തിരികെപ്പോവുകയാണ്. ഇനിയുള്ള കാലം ഒരുമിച്ചു ജീവിക്കണമെന്ന കുടുംബത്തിന്റെ ആവശ്യത്തെത്തുടർന്നാണ് 42 വർഷം നീണ്ട പ്രവാസം അവസാനിപ്പിക്കുന്നത്. 1981ലാണ് കുറ്റ്യാടി ദേവർകോവിൽ വട്ടപ്പൊയിൽ പി.വി. അലിക്കുട്ടി ബഹ്റൈനിലെത്തിയത്. ജീവിത പ്രാരബ്ധം മൂലം ഏഴാം ക്ലാസ് വരെ പഠിക്കാനേ സാധിച്ചുള്ളു. അന്ന് ബഹ്റൈനിലെത്തുമ്പോൾ തരിശ്ശായിക്കിടക്കുന്ന സ്ഥലങ്ങളായിരുന്നു അധികവും. ജോലികിട്ടാൻ പ്രയാസമായിരുന്നു.
ആദ്യ ദിവസങ്ങളിൽ ഖുബ്ബൂസ് മാത്രം കഴിച്ച് പിടിച്ചുനിന്നു. രണ്ടാഴ്ചത്തെ തൊഴിൽ അന്വേഷണത്തിന് ശേഷമാണ് കൺസ്ട്രക്ഷൻ കമ്പനിയിൽ തൊഴിലാളിയായി ജോലി ലഭിച്ചത്. റഫയിൽ ഹൗസിങ് കോളനിയുടെ നിർമാണമായിരുന്നു ആദ്യം ചെയ്ത ജോലി. പിന്നീട് പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു. 17 വർഷമായി ജമാൽ ഷുവൈറ്ററിലാണ് ജോലി. സെയിൽസ്മാനായും ഡ്രൈവറായും ജോലി ചെയ്തു. ഡ്രാഗൺ സിറ്റി ബ്രാഞ്ചിലാണ് അവസാനമായി ജോലി ചെയ്തത്. ഇക്കാലമത്രയും ഒരു ദിവസം പോലും ലീവെടുത്തിട്ടില്ല. സന്തോഷകരമായ അനുഭവങ്ങളാണ് ബഹ്റൈൻ നൽകിയത്.
നാട്ടിലെ വിവരങ്ങൾ അപ്പപ്പോൾ അറിയാൻ കഴിയുന്നതിനാൽ നാട്ടിൽനിന്ന് വിട്ടുനിൽക്കുന്ന വിഷമം അതുകൊണ്ട് അനുഭവിക്കേണ്ടി വന്നിട്ടില്ല. ഇവിടെ നിന്ന് പോകാൻ മനസ്സനുവദിക്കുന്നില്ല. ഇക്കാലത്തെ അധ്വാനത്തിലൂടെ മക്കളെ പഠിപ്പിക്കാൻ കഴിഞ്ഞു എന്നതിൽ സന്തോഷമുണ്ട്. മൂത്ത മകൾ വിവാഹത്തിനുശേഷം നാട്ടിലുണ്ട്. ഇളയ മകൾ കുടുംബത്തോടൊപ്പം ഖത്തറിലാണ്. ഭാര്യ നബീസയും ഇപ്പോൾ ഖത്തറിലുണ്ട്. ഇന്ന് ഖത്തറിലേക്ക് പോകുന്ന അലിക്കുട്ടി ഒരുമാസത്തിനുശേഷം ഭാര്യയോടൊപ്പം നാട്ടിലേക്ക് തിരിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു