വിവാഹത്തോട് അനുബന്ധിച്ച് വധുവിന്റെ വീട്ടുകാരില്‍നിന്ന് സ്വര്‍ണം, പണം, വസ്തുക്കള്‍ എന്നിവ വാങ്ങുന്നത് തിരുവനന്തപുരം മേഖലയില്‍ പതിവായിട്ടുണ്ടെന്ന് വനിത കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം ജില്ലാതല സിറ്റിംഗിന്റെ രണ്ടാംദിവസം പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന് അധ്യക്ഷ.
വിവാഹ, വിവാഹ അനന്തര ചടങ്ങുകളില്‍ പണവും പണ്ടവും നല്കുന്ന സമ്പ്രദായം വ്യാപകമാണ്. ഗ്രാമപ്രദേശങ്ങളിലാണ് ഇത്തരം കാര്യങ്ങള്‍ ഏറ്റവും കൂടുതലായുള്ളത്. അക്കൗണ്ടിലൂടെ വധുവിന്റെ അച്ഛന് പണം കൈമാറിയൊരു കേസ് സിറ്റിംഗില്‍ പരിഗണനയ്ക്ക് എത്തി. വിവാഹ ശേഷം അടുക്കള കാണുന്ന ചടങ്ങില്‍ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് വാങ്ങി നല്‍കുന്നത്. ഒരു നിയന്ത്രണവും ഇല്ലാതെ വളരെ വലിയ അളവില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി നല്കുന്ന സ്ഥിതിയും ഉണ്ട്. വിവാഹം കഴിഞ്ഞ് ചുരുങ്ങിയ നാളിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ആളുകള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ സ്വര്‍ണാഭരണങ്ങളും പണവും വാങ്ങി വിവാഹം കഴിക്കുന്നുവെന്നത് ഗൗരവതരമാണ്. ഗാര്‍ഹിക പീഡനക്കേസുകളായും സ്ത്രീധനക്കേസുകളായും ഇവ പിന്നീടു മാറുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഗാര്‍ഹിക പീഡനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് ഏറെയും.
തൊഴിലിടങ്ങളിലുള്ള പീഡനവുമായി ബന്ധപ്പെട്ടും പരാതികള്‍ പരിഗണനയ്ക്ക് എത്തി. അണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ രണ്ടുവര്‍ഷക്കാലത്തെ ആനുകൂല്യങ്ങള്‍ കമ്മിഷന്റെ നിര്‍ദേശം ഉണ്ടായിട്ടും നല്‍കാതിരിക്കുന്ന സ്ഥിതിയുണ്ട്. അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപികമാര്‍ക്കു പുറമേ ക്ലറിക്കാലായും ലൈബ്രറിയിലും ഉള്‍പ്പെടെ ജോലി ചെയ്യുന്ന സ്ത്രീകളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. അണ് എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ ചൂഷണത്തിന് ഇരയാകുന്നത്. അണ് എയ്ഡഡ് മേഖലയുമായി ബന്ധപ്പെട്ട് എല്ലാ ജില്ലയിലും പരാതികളുണ്ടെന്നും വനിത കമ്മിഷന് അധ്യക്ഷ പറഞ്ഞു.
കൗമാരക്കാരനെ ബാറില്‍ കൊണ്ടുപോകുന്ന അച്ഛനെതിരേ നടപടിക്ക് ചൈല്‍ഡ് ലൈന്‍ കമ്മിഷന് നിര്‍ദേശം നല്കി. മദ്യപിച്ചുവന്ന് ഭാര്യയെയും രണ്ടു മക്കളെയും അച്ഛന് ഉപദ്രവിക്കുന്നതായ പരാതി പരിഗണിക്കുമ്പോഴാണ് മദ്യപിക്കാന്‍ കൗമാരക്കാരനായ മകനെ അച്ഛന് ബാറില്‍ കൊണ്ടുപോകുന്നുവെന്ന വിവരം കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടത്. അച്ഛന്റെ മദ്യപാനം മൂലം മക്കള്‍ക്ക് പഠിക്കുന്നതിനു കഴിയാത്ത സ്ഥിതിയാണെന്നും കമ്മിഷനു ബോധ്യപ്പെട്ടു. ജീവിക്കാന്‍ നിവര്‍ത്തിയില്ലാതെ സ്വസ്ഥതയില്ലാത്ത സ്ഥിതിയിലാണ് അമ്മയും മക്കളും കമ്മിഷനില്‍ പരാതി നല്‍കിയത്. തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ അഭ്യന്തര പരാതി പരിഹാര കമ്മറ്റികള്‍ പല സ്ഥലത്തും ഉണ്ടായിട്ടില്ല. സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വനിതകളുടെ പരാതി പരിഹരിക്കുന്നതിന് ആവശ്യമായ സംവിധാനം ഉണ്ടാകേണ്ടതുണ്ട്. ഇതിനുള്ള നിര്‍ദേശം കമ്മിഷന് നല്കി.
വീതം വച്ച വസ്തുക്കള്‍ സ്വന്തമാക്കിയ ശേഷം മൂന്നു മക്കള്‍ അമ്മയെ നോക്കുന്നില്ലെന്ന പരാതി സിറ്റിംഗില്‍ പരിഗണനയ്ക്കെത്തി. ഇതില്‍ കുടുംബ വീടും സ്ഥലവും ലഭിച്ച മകനും മരുമകളും കൂടി അമ്മയെ വീട്ടിനുള്ളില്‍ കയറ്റുന്നില്ല. അമ്മയ്ക്ക് വീട്ടില്‍ കയറുന്നതിന് ഇവര്‍ നിബന്ധനകളും വച്ചിരുന്നു. ആരുമില്ലാത്ത അമ്മ അയല്പക്കത്തുനിന്നും ഒരാളെ കൂട്ടിയാണ് സിറ്റിംഗിന് എത്തിയത്. നടപടി സ്വീകരിക്കുന്നതിന് ഈ പരാതി ആര്‍ഡിഒയ്ക്ക് കൈമാറാന്‍ വനിത കമ്മിഷന് തീരുമാനിച്ചു.
കുടുംബപ്രശ്നങ്ങളില്‍ തീവ്രതയുണ്ടാക്കുന്നതിന് ഉപകരണമായി മക്കളെ ദുരുപയോഗിക്കുന്ന പ്രവണത കമ്മിഷന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. അതേപോലെ പ്രായം ചെന്ന മാതാപിതാക്കളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം മക്കള്‍ പുലര്‍ത്തുന്നില്ലെന്ന ഗൗരവമേറിയ പ്രശ്നവും സമൂഹത്തിലുണ്ടെന്നും കമ്മിഷന് വിലയിരുത്തി. അദാലത്തിന്റെ രണ്ടാം ദിവസം ആകെ 200 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 63 കേസുകള്‍ തീര്‍പ്പാക്കി. ഒന്‍പതു കേസുകള്‍ റിപ്പോര്‍ട്ടിനായി അയച്ചു. ഒരു കേസ് കൗണ്‍സിലിംഗിനു വിട്ടു. അടുത്ത അദാലത്തിലേക്ക് 127 കേസുകള്‍ മാറ്റി.
കമ്മിഷന് അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്, അഡ്വ. പി. കുഞ്ഞായിഷ, വി.ആര്. മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി എന്നിവര്‍ കേസുകള്‍ തീര്‍പ്പാക്കി. ഡയറക്ടര്‍ ഷാജി സുഗുണന്, സിഐ ജോസ് കുര്യന്, അഡ്വക്കറ്റുമാരായ സോണിയ സ്റ്റീഫന്‍, സൗമ്യ, സരിത, സൂര്യ, കൗണ്‍സിലര്‍ സോണിയ എന്നിവര്‍ പങ്കെടുത്തു.