മണിപ്പൂർ: സംസ്ഥാനത്ത് മൊബൈൽ ഇന്റർനെറ്റ് നിരോധനം നവംബർ 13 വരെ നീട്ടിയതായി മണിപ്പൂർ സർക്കാർ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന വെടിവയ്പിൽ 10 പേർക്ക് പരിക്കേറ്റതിന് തൊട്ടുപിന്നാലെയാണ് ഇന്റർനെറ്റ് നിരോധനം നവംബർ 13 വരെ നീട്ടിയത്. നവംബർ 13 തിങ്കളാഴ്ച രാത്രി 7.45 വരെയാണ് നിരോധനം. ബിഷ്ണുപൂർ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, കാംഗ്പോപി ജില്ലകളിൽ രണ്ട് സമുദായങ്ങൾ തമ്മിൽ വെടിവയ്പ്പ് നടന്നതായി മണിപ്പൂർ പോലീസ് ഡയറക്ടർ ജനറലിന്റെ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം രണ്ട് കുട്ടികളെ കാണാതാവുകയും നാല് പേരെ അജ്ഞാത സായുധരായ അക്രമികൾ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇതിനെതിരെയും സംസ്ഥാനത്ത് പ്രതിഷേധം നടന്നു. അക്രമത്തിന് പ്രേരിപ്പിക്കുന്ന ചിത്രങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ, വിദ്വേഷ വീഡിയോ സന്ദേശങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നതിന് ചില സാമൂഹിക വിരുദ്ധർ സോഷ്യൽ മീഡിയയെ വ്യാപകമായി ഉപയോഗിക്കുമെന്ന ആശങ്കയുണ്ടെന്ന് മണിപ്പൂർ ആഭ്യന്തര വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.
അക്രമം ബാധിക്കാത്ത ജില്ലകളിൽ മണിപ്പൂർ സർക്കാർ മൊബൈൽ ടവറുകൾ തുറന്നിട്ടുണ്ട്. ക്രമസമാധാന നില നിലനിൽക്കുകയാണെങ്കിൽ മറ്റ് ജില്ലാ ആസ്ഥാനങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ മൊബൈൽ ടവറുകൾ പ്രവർത്തിപ്പിക്കുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു. വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങിയ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നതിനെതിരെയാണ് മൊബൈൽ ഇന്റർനെറ്റ് നിരോധനം നീട്ടിയതെന്ന് മണിപ്പൂർ സർക്കാർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു