ബെംഗളൂരു: മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് പോലീസ് കോണ്‍സ്റ്റബിള്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കര്‍ണാടകയിലാണ് സംഭവം. 32കാരനായ കിഷോറാണ് ഭാര്യ പ്രതിഭയെ കൊലപ്പെടുത്തിയത്. പതിനൊന്നു ദിവസം മുന്‍പ് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. തിങ്കളാഴ്ച രാവിലെ ഭാര്യയുടെ വീട്ടിലെത്തിയാണ് ഇയാള്‍ കൃത്യം നിര്‍വഹിച്ചത്.
ബിഇ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ പ്രതിഭ 2022 നവംബറിലാണ് കോലാര്‍ ജില്ലയിലെ വീരപുര സ്വദേശിയായ കിഷോറിനെ വിവാഹം ചെയ്തത്. പ്രതിഭയുടെ സ്വഭാവത്തില്‍ കിഷോര്‍ സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും യുവതിയുടെ ഫോണ്‍ കോളുകളും മെസേജുകളും പരിശോധിച്ചിരുന്നുവെന്നും പോലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച വൈകുന്നേരം ഇതേച്ചൊല്ലി കിഷോറും പ്രതിഭയും തമ്മില്‍, ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായി. ഇത് പ്രതിഭയെ വിഷമിപ്പിച്ചെന്നും മകള്‍ കരയുന്നതു കണ്ട് താന്‍ ഫോണ്‍ വാങ്ങി കട്ട് ചെയ്തെന്നും പ്രതിഭയുടെ അമ്മ പോലീസിനെ അറിയിച്ചു. ഇപ്പോള്‍ കുഞ്ഞിന്റെ കാര്യം മാത്രം നോക്കാനും കിഷോറിന്റെ കോളുകള്‍ എടുക്കേണ്ടെന്നും അമ്മ പ്രതിഭയെ ഉപദേശിക്കുകയും ചെയ്തു.
എന്നാല്‍, കിഷോര്‍ അന്നു രാത്രി തന്നെ 150 തവണ വിളിച്ചതായി അടുത്ത ദിവസം രാവിലെ പ്രതിഭ മാതാപിതാക്കളോട് പറഞ്ഞിരുന്നു. പ്രതിഭയുടെ അമ്മ ടെറസിലേക്ക് പോയ സമയത്താണ് കിഷോര്‍ വീട്ടിലെത്തിയത്. വാതില്‍ അകത്തു നിന്ന് പൂട്ടുകയും ചെയ്തു. കിഷോര്‍ അകത്തു കടന്ന സമയത്ത്, വീടിനകത്ത് പ്രതിഭയും കുഞ്ഞും തനിച്ചായിരുന്നു. കിഷോര്‍ ആദ്യം സ്വയം കീടനാശിനി കഴിച്ചെന്നും തുടര്‍ന്ന് ഷോള് ഉപയോഗിച്ച് പ്രതിഭയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്.
പ്രതിഭയുടെ അമ്മ ടെറസില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ വാതില്‍ അകത്തു നിന്നും പൂട്ടിയിരിക്കുന്നതായി കണ്ടു. ഇവര്‍ വാതിലില്‍ മുട്ടിയെങ്കിലും അകത്തു നിന്നും ആദ്യം പ്രതികരണമുണ്ടായില്ല. എന്തോ അപകടം സംഭവിച്ചിട്ടുണ്ടെന്നു സംശയം തോന്നിയതിനെത്തുടര്‍ന്ന് അമ്മ വീണ്ടും വാതിലില്‍ മുട്ടിക്കൊണ്ടിരുന്നു. 15 മിനിറ്റിനു ശേഷമാണ് കിഷോര്‍ വാതില്‍ തുറന്നത്. ‘ഞാന്‍ അവളെ കൊന്നു, ഞാന്‍ അവളെ കൊന്നു’, എന്നു പറഞ്ഞ് കിഷോര്‍ സംഭവ സ്ഥലത്തു നിന്നും ഓടിപ്പോകുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു