അണ്ഡാശയ ക്യാൻസർ ബാധിതയിൽ നൂതന കീഹോൾ ക്യാൻസർ തെറാപ്പി വിജയകരമാക്കി തിരുവനന്തപുരം കിംസ്ഹെൽത്തിലെ മെഡിക്കൽ സംഘം. തിരുവനന്തപുരം സ്വദേശിനിയിയായ 60 വയസ്സുകാരിയിൽ സർജിക്കൽ ഓങ്കോളജി വിഭാഗം കൺസൽട്ടന്റും കോർഡിനേറ്ററുമായ ഡോ. ജയാനന്ത് സുനിലിന്റെ നേതൃത്വത്തിലാണ് PIPAC ഫലപ്രദമാക്കിയത്. ആമാശയം, വൻകുടൽ, അണ്ഡാശയം, ഗർഭാശയം തുടങ്ങിയ ഭാഗങ്ങളിലെ ക്യാൻസർ ചികിത്സയ്ക്കായി കീഹോളിലൂടെ പ്രഷറൈസ്ഡ് എയറോസോൾ രൂപത്തിൽ കീമോതെറാപ്പി നൽകുന്നതാണ് PIPAC.
അണ്ഡാശയ ക്യാൻസറിന്റെ അഡ്വാൻസ്ഡ് സ്റ്റേജിലായിരുന്ന രോഗിയിൽ കീമോതെറാപ്പി ഫലപ്രദമാകാതെ വന്നതോടെയാണ് മെഡിക്കൽ സംഘം PIPAC തിരഞ്ഞെടുത്തത്. ഒരു ഇൻഹേലർ ഉപയോഗിച്ച് ശ്വാസകോശത്തിലേക്ക് നേരിട്ട് മരുന്ന് സ്പ്രേ ചെയ്യുന്നത് പോലെ കീഹോൾ ശസ്ത്രക്രിയയിലൂടെ പ്രഷറൈസ്ഡ് എയറോസോൾ രൂപത്തിൽ കീമോതെറാപ്പി നൽകുന്നതാണ് PIPAC ചികിത്സ. ഇത്തരം കേസുകളിൽ, PIPAC കൂടുതൽ ഫലപ്രദവും സുരക്ഷിതവുമാണെന്നും പരമ്പരാഗത കീമോതെറാപ്പിയേക്കാൾ പാർശ്വഫലങ്ങൾ കുറവാണെന്നും ഡോ. ജയാനന്ത് സുനിൽ അഭിപ്രായപ്പെട്ടു.
വിശദമായ പരിശോധനകളിലാണ് അണ്ഡാശയ ക്യാൻസർ സ്ഥിരീകരിക്കുന്നത്. മൂന്ന് കീമോതെറാപ്പി സൈക്കിളുകൾ നടത്തിയെങ്കിലും, രോഗാവസ്ഥ മെച്ചപ്പെടാതെ തുടരുകയായിരുന്നു. ആറ് സൈക്കിളുകൾ പൂർത്തിയാക്കി രോഗിയെ സൈറ്റോറെഡക്റ്റീവ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ശസ്ത്രക്രിയയുടെ സമയത്ത്, പരമ്പരാഗത കീമോതെറാപ്പിയോട് പ്രതികരിക്കാത്തതിനാൽ ഡോക്ടർമാർ രണ്ടാം നിര കീമോതെറാപ്പി ആരംഭിച്ചു. ശസ്ത്രക്രിയ പൂർത്തിയാക്കിയതിന് ശേഷവും, രക്തത്തിലെ ട്യൂമർ മാർക്കറുകൾ വർദ്ധിക്കാൻ തുടങ്ങിയതിനാൽ PIPAC ലേക്ക് നീങ്ങുകയായിരുന്നു.
ചികിത്സയ്ക്ക് ശേഷം രണ്ട് ദിവസത്തിനുള്ളിൽ രോഗി ആശുപത്രി വിട്ടു. വരും ദിവസങ്ങളിൽ കൂടുതൽ സിസ്റ്റമിക് കീമോതെറാപ്പിക്ക് വിധേയയാകാൻ രോഗിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു. PIPAC ചെയ്യാൻ പരിശീലനം നേടിയ കേരളത്തിലെ ഏക ഡോക്ടറാണ് ഡോ. ജയാനന്ത് സുനിൽ, ഇസ്രയേലിലെ ടെൽ അവീവിൽ നിന്ന് ഐഎസ്എസ്പിപിയുടെ കീഴിൽ വിദഗ്ദ്ധ പരിശീലനവും അദ്ദേഹം നേടിയിട്ടുണ്ട്.