ന്യൂയോർക്ക് ∙ സാഹിത്യത്തിനുള്ള ‘നാമം’ (NAMAM) എക്സലന്‍സ് പുരസ്‌കാരം ലക്ഷ്മി എം നായര്‍ക്ക്. ഇംഗ്ലിഷിലും മലയാളത്തിലും സജീവമായി എഴുതുന്ന എഴുത്തുകാരിയാണ് ലക്ഷ്മി എം നായര്‍. മലയാളത്തില്‍ ആമി ലക്ഷ്മി എന്ന തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്. മലയാളത്തിലെ പ്രധാന ആനുകാലികങ്ങളിലെല്ലാം തന്നെ ലക്ഷ്മിയുടെ ചെറുകഥകള്‍, ലേഖനങ്ങള്‍, വിവര്‍ത്തനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ലാറ്റിനമേരിക്കന്‍ യാത്രകള്‍ എന്ന യാത്രാ വിവരണത്തിന് ഏറ്റവും നല്ല യാത്രാവിവരണത്തിനുള്ള എസ്.കെ പൊറ്റക്കാട് പുരസ്‌കാരം ലഭിച്ചിരുന്നു.
ഔദ്യോഗിക മേഖലയില്‍ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ലക്ഷ്മിയുടെ പേരില്‍ നിരവധി ശാസ്ത്രീയ ലേഖനങ്ങളും പേറ്റന്റുകളുമുണ്ട്. കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴയാണ് ലക്ഷ്മിയുടെ സ്വദേശം. ഷിക്കാഗോയിലാണ് സ്ഥിരതാമസം. എഴുത്തുകാരി എന്നതിനൊപ്പം സയന്റിസ്റ്റും നല്ലൊരു പരിസ്ഥിതി ഫോട്ടോഗ്രാഫറും കൂടിയാണ് ലക്ഷ്മി എം നായര്‍. കവിയും കഥാകൃത്തും ശാസ്ത്രജ്ഞയുമൊക്കെയായി വിശേഷിപ്പിക്കാവുന്ന ലക്ഷ്മിയുടെ സാമൂഹ്യ രംഗത്തെ ഇടപെടലുകളും ശ്രദ്ധേയമാണ്. ഡിസംബര്‍ രണ്ട് ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ന്യൂയോര്‍ക്ക് ന്യൂ സിറ്റിയിലുള്ള ക്നാനായ കാത്തലിക് സെന്ററില്‍ വച്ച് നടക്കുന്ന നാമം അവാര്‍ഡ് നൈറ്റില്‍ ലക്ഷ്മി നായര്‍ പുരസ്‌കാരം സ്വീകരിക്കും.
എംബിഎന്‍ ഫൗണ്ടേഷന്റെ (www.mbnfoundation.org) ആഭിമുഖ്യത്തിലാണ് നാമം അവാര്‍ഡ് നൈറ്റ് സംഘടിപ്പിക്കുന്നത്. കല, സാഹിത്യം, സിനിമ, ശാസ്ത്രം, വൈദ്യശാസ്ത്രം, ആതുര സേവനം, ബിസിനmd തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തന മികവ് തെളിയിച്ചവരെയാണ് പ്രമുഖ പ്രവാസി സംഘടനയായ ‘നാമം’ അവാര്‍ഡ് നല്‍കി ആദരിക്കുക. മുന്‍ ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ നാമം എക്സലന്‍സ് അവാര്‍ഡ് ചെയര്‍മാനും സെക്രട്ടറി ജനറലുമാണ്. ഡോ. ആശാ മേനോന്‍ പ്രസിഡന്റും കേരളാടൈംസ് ഓണ്‍ലൈന്‍ ന്യൂസ് ചാനലിന്റെ മാനേജിങ് ഡയറക്ടറായ പോള്‍ കറുകപ്പിള്ളില്‍ പ്രോഗ്രാം കോഓർഡിനേറ്ററുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.namam.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു