ദോഹ: ഫലസ്തീനികൾക്കെതിരായ ഇസ്രായേലിന്റെ കിരാതമായ ആക്രമണങ്ങളിൽ ഇരട്ടത്താപ്പ് സ്വീകരിക്കുന്ന പടിഞ്ഞാറൻ രാജ്യങ്ങളുടെ നിലപാടിനെതിരെ തുറന്നടിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ റാഷിദ് അൽ ഖാതിർ.
70 വർഷത്തിലധികമായി ഫലസ്തീനിൽ തുടരുന്ന അധിനിവേശത്തിലും ഇപ്പോൾ ഗസ്സയിൽ ഒരു മാസത്തോളമായി തുടരുന്ന ബോംബാക്രമണത്തിലും പാശ്ചാത്യ രാഷ്ട്രനേതാക്കളുടെയും രാഷ്ട്രീയക്കാരുടെയും ഇസ്രായേലിനോടുള്ള വിധേയത്വ മനോഭാവം അവസാനിക്കുന്നില്ലെന്നും ലുൽവ അൽ ഖാതിർ വ്യക്തമാക്കി. പാശ്ചാത്യ സമൂഹത്തെയും പുരോഗമന രാഷ്ട്രീയക്കാരെയും അഭിസംബോധന ചെയ്തുകൊണ്ട് എക്സ് പ്ലാറ്റ്ഫോമിൽ രണ്ടു ഭാഗങ്ങളായുള്ള പോസ്റ്റിലാണ് അൽ ഖാതിർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഫലസ്തീനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടെ അവതരിപ്പിച്ച നൂറോളം പ്രമേയങ്ങൾ ഇസ്രായേലിനുവേണ്ടി വീറ്റോ ചെയ്യപ്പെടുകയാണുണ്ടായത്. ഇത് അമ്പരപ്പിക്കുന്ന സമീപനമാണ് -അൽ ഖാതിർ വ്യക്തമാക്കി. യുദ്ധപ്രഖ്യാപനത്തിലും സ്ത്രീകളെയും കുട്ടികളെയും കൊല്ലാനും വിശുദ്ധ വാക്യങ്ങളെ വ്യാജമായി ഉപയോഗപ്പെടുത്തുന്നതിനെയും അവർ കടുത്ത ഭാഷയിൽ അപലപിച്ചു. നവംബർ അഞ്ചിന് ഗസ്സയിലെ മരണസംഖ്യ ഏകദേശം 9800 കവിഞ്ഞുവെന്നും 26,000 പേർക്ക് പരിക്കേറ്റതായും ചൂണ്ടിക്കാട്ടിയ അവർ, ഇതിലേറെയും സ്ത്രീകളും കുട്ടികളുമാണെന്നും വ്യക്തമാക്കി.
പൊതുജനങ്ങൾക്കിടയിൽ മാത്രമല്ല, മതേതര അറബ്, മുസ്ലിം വ്യക്തിത്വങ്ങൾ-ബുദ്ധിജീവികൾ, അക്കാദമിക് വിദഗ്ധർ, ആക്ടിവിസ്റ്റുകൾ എന്നിവരിലും ഇപ്പോൾ വ്യതിയാനം സംഭവിച്ചതായും ജീവിതത്തിന്റെയും മൂല്യങ്ങളുടെയും അധ്യാപനം ഉൾക്കൊള്ളുന്നതിലെ പരാജയമാണിതെന്നും അവർ പോസ്റ്റിന്റെ രണ്ടാം ഭാഗത്തിൽ ചൂണ്ടിക്കാട്ടുന്നു. പാശ്ചാത്യ രാഷ്ട്രീയക്കാരോടാണ് വീണ്ടും ചോദിക്കാനുള്ളത്, കഴിഞ്ഞ 70 വർഷത്തോളമായി എന്തുകൊണ്ടാണ് നിങ്ങൾ ഇസ്രായേലിനുവേണ്ടി വീറ്റോ ചെയ്യുകയും വോട്ടു ചെയ്യുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ ഞങ്ങൾ ആശയക്കുഴപ്പത്തിലാണ്.
അവരതിനെ വിശുദ്ധ യുദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ, നിങ്ങളോ, നിങ്ങളുടെ ഇസ്രായേലിനോടുള്ള നിലപാട് നിരുപാധികമായി തോന്നുന്നത് എന്തുകൊണ്ടാണ് -അവർ തുറന്നടിച്ചു. ‘ആത്മസംഘർഷങ്ങളുടെ മുറിയിൽ ആരുമില്ലെന്ന് ഉറപ്പുവരുത്തി, നിങ്ങളുടെ കണ്ണുകൾ അടച്ച് പുരോഗമനക്കാരനോ മതേതരവാദിയോ എന്ന നിലയിൽ നിങ്ങളോട് സ്വയം ചോദിക്കുക, എന്തുകൊണ്ടാണ് ഞാൻ പരസ്യമായ ഒരു മതഭ്രാന്തന്റെ പ്രവർത്തനങ്ങളെ നിരുപാധികമായി പിന്തുണക്കുന്നതും സംരക്ഷിക്കുന്നതും…’ -ലുൽവ അൽ ഖാതിർ കൂട്ടിച്ചേർത്തു.നിങ്ങൾക്കായി ചിന്തിക്കുക, മറ്റുള്ളവരെ നിങ്ങൾക്കുവേണ്ടി ചിന്തിക്കാൻ അനുവദിക്കരുത് എന്ന വാചകത്തോടെയാണ് ലുൽവ അൽ ഖാതിർ തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു