അൽഖോബാർ: ജോലി വാഗ്ദാനം ലഭിച്ച് ഖത്തറിലെത്തിയ മൂന്ന് ഇന്ത്യക്കാരെ സ്പോൺസർ സൗദി മരുഭൂമിയിൽ ഉപേക്ഷിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ പ്രദീപ് കുമാർ, ജിതേന്ദർ, ബിഹാർ സ്വദേശി അക്തർ ആലം എന്നിവരാണ് തട്ടിപ്പിനിരയായത്. ഖത്തർ പൗരനായ തൊഴിലുടമക്ക് വേണ്ടി പാചകക്കാരൻ, ലേബർ, ഡ്രൈവർ എന്നീ തൊഴിൽ വിസകളിലാണ് ഇവർ ദോഹ എയർപോർട്ടിൽ രണ്ടുമാസം മുമ്പ് വിമാനമിറങ്ങിയത്. എന്നാൽ ഖത്തറിൽ എത്തി രണ്ടാം ദിവസം സ്പോൺസർ തെൻറ കാറിൽ മൂവരെയും സൗദി അറേബ്യയിലെ നാരിയ പട്ടണത്തിൽനിന്നും 40 കിലോമീറ്റർ അകലെയുള്ള ഒരു ആട് ഫാമിൽ എത്തിക്കുകയും ആട്ടിടയന്മാരായി ജോലി ചെയ്യുവാൻ നിർബന്ധിക്കുകയും ചെയ്തു. സ്പോൺസറുടെ പീഢന മുറകളും വധഭീഷണികളും കൊണ്ട് മാനസികമായി തളർന്ന ഇവർക്ക് ഭക്ഷിക്കാനായി പഴകിയ റൊട്ടിയും ആടുകൾക്ക് നൽകുന്ന വെള്ളവുമാണ് നൽകിയത്.
പാസ്പോർട്ടും കരാർ രേഖകളും മൊബൈൽ ഫോണുകളും ദോഹ എയർപോർട്ടിൽ എത്തിയ ഉടനെ തന്നെ സ്പോൺസർ കൈവശപ്പെടുത്തിയിരുന്നു. തുടർച്ചയായ മർദനത്താൽ ജീവൽ ഭയം നേരിട്ട ഇവർ അവിടെ നിന്നും രക്ഷതേടി സൗദി കിഴക്കൻ പ്രവിശ്യാ പട്ടണമായ ജുബൈലിലേക്ക് എത്തിച്ചേർന്നു. ജുബൈലിൽ എത്തിയപ്പോഴാണ് തങ്ങൾ സൗദി അറേബ്യയിലാണെന്ന് അവർ തിരിച്ചറിഞ്ഞത്. പാസ്പോർട്ടിന്റെ പകർപ്പ് മാത്രം കൈവശമുള്ള ഇവർക്ക് ഇതുവരെ ജോലി ചെയ്തതിെൻറ ശമ്പളം പോലും ലഭിച്ചിട്ടില്ല.
സംഭവം അറിഞ്ഞ ഉടനെ പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഔട്ട് പാസ് ലഭിച്ചാൽ എത്രയും വേഗം നാട്ടിലേക്ക് തിരിക്കണം എന്നാണ് മൂവരുടെയും ആഗ്രഹം. മൂന്നുപേരും ഒരു ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ഖത്തറിൽ എത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു