ഗാസ സിറ്റി: ഗാസയിൽ താൽക്കാലിക വെടിനിർത്തലെന്നു സൂചന. ഒരുമണിക്കൂർ ‘തന്ത്രപരമായ വെടിനിർത്തൽ’ പരിഗണിക്കുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തി. അതേസമയം, ഗസ്സ കുട്ടികളുടെ ശവപ്പറമ്പാകുകയാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. മാനുഷിക താത്പര്യം മുൻനിർത്തി വെടിനിർത്തൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു.എസ് വാർത്താ ചാനൽ ‘എ.ബി.സി’ക്കു നൽകിയ അഭിമുഖത്തിലാണ് താൽക്കാലിക വെടിനിർത്തലിനെ കുറിച്ച് നെതന്യാഹു സൂചന നൽകിയതെന്നാണു വിവരം. മാനുഷിക സഹായങ്ങൾ എത്തിക്കാനും ബന്ദികളെ മോചിപ്പിക്കാനുമായാണ് ഒരു മണിക്കൂർ നേരത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിക്കാൻ ആലോചിക്കുന്നതെന്നാണ് നെതന്യാഹു വെളിപ്പെടുത്തിയത്. വിശാലാർത്ഥത്തിലുള്ള വെടിനിർത്തൽ ഇസ്രായേലിന്റെ യുദ്ധനീക്കങ്ങളെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാനുഷികസഹായം എത്തിക്കാനായി ആക്രമണം താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന ആശയം ഇസ്രായേലിന്റെ സഖ്യകക്ഷിയായ യു.എസ് മുന്നോട്ടുവച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു നെതന്യാഹു. തന്ത്രപരമായ ചെറിയ വെടിനിർത്തലുകൾ മുൻപും ചെയ്തിട്ടുണ്ടെന്ന് നെതന്യാഹു മറുപടി നൽകി. ഒരു മണിക്കൂർ ഇവിടെയും ഒരു മണിക്കൂർ അവിടെയും എന്ന നിലയ്ക്കുള്ള വെടിനിർത്തലാണു ലക്ഷ്യമിടുന്നതെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ചരക്കുകയും മാനുഷികസഹായങ്ങളും എത്തിക്കാനും തങ്ങളുടെ ബന്ദികൾക്ക് ഗസ്സ വിടാനുമുള്ള സാഹചര്യം പരിശോധിക്കുമെന്നും നെതന്യാഹു പറഞ്ഞു.
അതേസമയം, ഇന്നലെ രാത്രിയും ഗസ്സയിൽ ഇസ്രായേൽ ശക്തമായ ആക്രമണം തുടരുകയാണ്. വീണ്ടും ആശുപത്രികൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടന്നു. ഗസ്സ സിറ്റിയിലെ നാസർ ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. അൽ ഖുദ്സ്, അദ്വാൻ ആശുപത്രികൾക്കുസമീപം നടന്ന ആക്രമണങ്ങളിൽ രണ്ട് ഫലസ്തീനികൾക്കും ജീവൻ നഷ്ടമായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു