തിരുവനന്തപുരം: ഫോണില്‍ വിളിച്ച് പാഴ്സലിന്റെ പേരില്‍ പണം തട്ടുന്ന ഓണ്‍ലൈൻ സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പോലീസ്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന വമ്ബൻ തട്ടിപ്പിന്റെ വിവരം പങ്കുവച്ചാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയത്. സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ അയച്ച പാഴ്സലിന്റെ പേരില്‍ ഫോണില്‍ വിളിച്ച് പണം തട്ടുന്ന സംഘങ്ങളെക്കുറിച്ച് ജാഗ്രത വേണമെന്ന് പോലീസ് പറയുന്നു. പാഴ്സല്‍ തട്ടിപ്പിന് ഇരയായ ആള്‍ക്ക് രണ്ടേകാല്‍ കോടി രൂപയാണ് നഷ്ടപ്പെട്ടത്.
എം ഡി എം എ പോലുള്ള ലഹരി മരുന്നുകള്‍ കണ്ടെത്തിയെന്ന് പറഞ്ഞാകും ഫോണ്‍ വിളിയെത്തുക . സി ബി ഐ, കസ്റ്റംസ് ഓഫീസര്‍, സൈബര്‍ ക്രൈം ഓഫീസര്‍ എന്നൊക്കെ പറഞ്ഞാണ് വിളി വരികയെന്നും വ്യാജ ഐഡികള്‍ കാണിച്ചേക്കുമെന്നും പോലീസ് വിശദീകരിച്ചിട്ടുണ്ട്. അതിനാല്‍ പാഴ്സല്‍ അയച്ചശേഷം ഇത്തരം ഫോണ്‍കോളുകള്‍ വന്നാല്‍ പോലീസിനെ വിളിക്കണമെന്ന് പറഞ്ഞ് 1930 എന്ന സൈബര്‍ പോലീസിന്റെ ഹെല്‍പ്പ് ലൈൻ നമ്ബറും പങ്കുവച്ചിട്ടുണ്ട്.
കേരള പോലീസ് പറയുന്നത് ഇങ്ങനെ
നിങ്ങള്‍ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ അയച്ച പാഴ്സലിന്റെ പേരില്‍ ഫോണില്‍ വിളിച്ച് പണം തട്ടുന്ന ഓണ്‍ലൈൻ സംഘം സജീവമാണ്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഇത്തരം തട്ടിപ്പിന് ഇരയായ ആള്‍ക്ക് നഷ്ടപ്പെട്ടത് രണ്ടേകാല്‍ കോടി രൂപയാണ്. നിങ്ങളുടെ പേരും ആധാറും ഉപയോഗിച്ച് അയച്ച പാഴ്സ്‍ലിനുള്ളില്‍ എം ഡി എം എ പോലുള്ള ലഹരി മരുന്നുകള്‍ കണ്ടെത്തിയെന്നും അത് നിങ്ങള്‍ കടത്തിയതാണെന്നുമാണ് തട്ടിപ്പുകാര്‍ നിങ്ങളെ ഫോണില്‍ വിളിച്ച് പറയുക. കസ്റ്റംസില്‍ പാഴ്‌സല്‍ തടഞ്ഞുവച്ചിട്ടുണ്ടെന്നും അവര്‍ അറിയിക്കും.
കസ്റ്റംസ് ഓഫീസര്‍, സൈബര്‍ ക്രൈം ഓഫീസര്‍ എന്നൊക്കെ പറഞ്ഞാവും തുടര്‍ന്ന് വരുന്ന കോളുകള്‍. ലഹരി കടത്തിയതിന് സി ബി ഐ, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ തുടങ്ങിയ ഏജൻസികള്‍ നിങ്ങളുടെ പേരില്‍ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പറയും. അതിനു തെളിവായി വ്യാജമായി നിര്‍മ്മിച്ച ഐ ഡി കാര്‍ഡ് , എഫ് ഐ ആര്‍ തുടങ്ങിയവ സ്കൈപ്, വാട്സാപ്പ് എന്നിവ വഴി അയച്ചു നല്‍കുന്നു.
തുടര്‍ന്ന് നിങ്ങള്‍ എന്തെങ്കിലും നിയമവിരുദ്ധ പ്രവൃത്തികള്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി അക്കൗണ്ടിലെ 75 % തുക ഉടൻ ഫിനാൻസ് ഡിപ്പാര്‍ട്മെന്റിലേക്ക് സറണ്ടര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. അതിനു തെളിവായി ഫിനാൻസ് വകുപ്പിന്റെ വ്യാജ അക്നോളേജ്മെന്‍റ് രസീത് അയച്ചു നല്‍കുകയും ചെയ്യുന്നു.
തുടര്‍ന്നു വിളിക്കുന്നത് ഫിനാൻസ് വകുപ്പിലെ ഐ പി എസ് ഉദ്യോഗസ്ഥൻ എന്ന പേരിലാകും. വിവിധ വകുപ്പുകളിലേയ്ക്ക് തുക കൈമാറാൻ ഇവര്‍ പല അക്കൗണ്ടുകള്‍ അയച്ചുതരുകയും പണം അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ നിരവധി അക്കൗണ്ടുകളിലൂടെയാണ് അവര്‍ പണം തട്ടിയെടുക്കുന്നത്.
ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക. ഒരു അന്വേഷണ ഏജൻസിയും ഇത്തരത്തിലുള്ള യാതൊരു രേഖകളും നിങ്ങള്‍ക്ക് അയച്ചു തരില്ലെന്ന കാര്യം മനസ്സിലാക്കുക. അതുപോലെതന്നെ, അന്വേഷണത്തിന്റെ ഭാഗമായി പണവും ആവശ്യപ്പെടില്ല.
നിങ്ങള്‍ക്ക് ലഭിക്കുന്ന ഫോണ്‍ കോളില്‍ സംശയം തോന്നിയാല്‍ ഉടൻതന്നെ 1930 എന്ന സൈബര്‍ പോലീസിന്റെ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെട്ട് വ്യക്തത വരുത്തുക, പരാതി നല്‍കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















