പാലക്കാട്: വെടിക്കെട്ട് നിരോധനത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ആരാധനലായങ്ങളിൽ അസമയത്ത് വെടിക്കെട്ട് നടത്തരുതെന്ന ഉത്തരവിനെതിരെയാണ് സർക്കാരിന്റെ അപ്പീൽ. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നു അപ്പീലിൽ ആവശ്യപ്പെട്ടു. പരിഗണനാ വിഷയത്തിനു പുറത്തുള്ള കാര്യങ്ങളാണ് പരിശോധിച്ചത്. അപ്പീൽ ചീഫ് ജസ്റ്റിന്റെ ബഞ്ച് നാളെ പരിഗണിക്കും.
അസമയം ഏതെന്ന് കോടതി ഉത്തരവിൽ വ്യക്തമല്ല. വ്യക്തികൾ ഉത്തരവിനെ ഇഷ്ടാനുസരണം വ്യാഖ്യാനിക്കും. ഏതെങ്കിലും ക്ഷേത്രത്തിൽ വെടിക്കോപ്പ് അനധികൃതമായി സൂക്ഷിച്ചെന്ന് കോടതി തന്നെ കണ്ടെത്തിയിട്ടില്ല. ഹർജിയിലും അത്തരം പരാതിയില്ലെന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രോത്സവത്തിനുള്ള വെടിക്കെട്ടിന് ഇളവ് നൽകി 2005 ൽ സുപ്രീംകോടതി ഇളവ് നൽകിയിട്ടുണ്ട്.
2006 ൽ ഇതിൽ വ്യക്തത വരുത്തി വീണ്ടും ഉത്തരവിറക്കിയിട്ടുണ്ട്. തൃശ്ശൂർ പൂരത്തിനും ആറാട്ട് പുഴ പൂരത്തിനും വെടിക്കെട്ട് നടത്താൻ സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്. ഹർജിയിലെ ആവശ്യങ്ങളേക്കാൾ കേരളത്തിലാകമാനം ബാധകമാകുന്ന ഉത്തരവിടാൻ കോടതിക്ക് കഴിയില്ല. നിയമപരമല്ലാത്ത ഉത്തരവ് റദ്ദാക്കണമെന്നും സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു.
നേരത്തെ വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ പാലക്കാട് ജില്ലയിലെ ഉത്സവാഘോഷ കമ്മിറ്റികളും തീരുമാനിച്ചിരുന്നു. വിഷയത്തിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ ഇടപെടണമെന്നു ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാനും കമ്മിറ്റികൾ തീരുമാനമെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















