തിരുവനന്തപുരം: മലപ്പുറത്ത് പാർട്ടി വിലക്ക് ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചത് നിലപാടാണെന്നും അതിൽ മാറ്റമില്ലെന്നും കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. പറയാനുള്ളത് അച്ചടക്ക സമിതിക്ക് മുന്നിൽ പറയുമെന്നും പാർട്ടി അത് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷൗക്കത്ത് പറഞ്ഞു.
ഇക്കാര്യത്തിൽ പാർട്ടിക്കുണ്ടായ തെറ്റിദ്ധാരണ മാറ്റും. താൻ അച്ചടക്കം ലംഘിച്ചോ എന്നത് മാധ്യമങ്ങളോട് പറയുന്നില്ല. കെപിസിസി ജനറൽ സെക്രട്ടറിയാണ് താനെന്ന് പറഞ്ഞ ആര്യാടൻ ഷൗക്കത്ത് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും പ്രതികരിച്ചു.
പലസ്തീനിൽ നടക്കുന്നത് നിലനിൽപ്പിനായുള്ള പോരാട്ടമാണ്. എന്നും പലസ്തീനൊപ്പം നിന്ന പാരമ്പര്യമാണ് കോൺഗ്രസിന് ഉള്ളത്. പലസ്തീൻ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഭാഗം കേട്ടതിനുശേഷം തീരുമാനമെടുക്കുമെന്ന് അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.
പലസ്തീൻ റാലി വിഷയത്തിൽ നടപടിയെടുത്താൽ ന്യൂനപക്ഷ വികാരം എതിരാകുമെന്നും, സിപിഎം അവസരം മുതലാക്കുമെന്നും കോൺഗ്രസ് നേതാക്കൾ കരുതുന്നു. എന്നാൽ പാർട്ടിയുടേയും മലപ്പുറത്തെ ഷൗക്കത്ത് വിമർശകരായ ഡിസിസിയുടെയും നേതാക്കളുടെയും മുഖം രക്ഷിക്കണമെന്നതും കോൺഗ്രസിന് മുന്നിലുണ്ട്.
കെപിസിസി വിലക്ക് ലംഘിച്ച് ആര്യാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മലപ്പുറത്ത് പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ഷൗക്കത്ത് നൽകിയ മറുപടി പാർട്ടിയുടെ അച്ചടക്ക സമിതി പരിശോധിക്കുകയാണ്. തീരുമാനം വരുന്നതു വരെ പാർട്ടി പരിപാടികളിൽനിന്നു വിട്ടുനിൽക്കാൻ അദ്ദേഹത്തിന് നിർദേശമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















