ദോഹ: ഗസ്സയിലേത് ഇസ്രായേലിന്റെ വംശീയ ഉന്മൂലനമെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി.ഖത്തർ സന്ദർശിക്കുന്ന ഫ്രഞ്ച് വിദേശകാര്യമന്ത്രി കാതറിൻ കൊളോനക്കൊപ്പം ദോഹയിൽ നടന്ന വാർത്തസമ്മേളനത്തിലാണ് അന്താരാഷ്ട്രസമൂഹത്തിന്റെ ആവശ്യങ്ങളെയും അവഗണിച്ച് ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചത്.
‘ഇസ്രായേലിന്റേത് വംശഹത്യയും ഗസ്സയിലെ വംശീയ ഉന്മൂലനവുമാണ്. ആശുപത്രികൾ, സ്കൂളുകൾ, അഭയാർഥി ക്യാമ്പുകൾ, കുടിയൊഴിപ്പിക്കപ്പെട്ട സ്ത്രീകളും കുട്ടികളും പ്രായമായവരും അഭയംപ്രാപിച്ച ഇടങ്ങൾ തുടങ്ങി എല്ലായിടത്തും വിവേചനരഹിതമായ ആക്രമണം തുടരുന്നു’ -പ്രധാനമന്ത്രി വ്യക്തമാക്കി. ഗസ്സയിലെ ചെറുത്തുനിൽപ് സംഘടനയുടെ നേതാവിനെ ലക്ഷ്യമിട്ടെന്നുപറഞ്ഞ് അധിനിവേശസേന ബോംബിങ്ങിലൂടെ 400 പേരെയാണ് ഒന്നിച്ച് കൂട്ടക്കുരുതി ചെയ്തത്.
3800ലേറെ കുട്ടികൾ ഉൾപ്പെടെ 9500 പേർ കൊല്ലപ്പെട്ടപ്പോഴും അന്താരാഷ്ട്ര സംഘടനകളുടെയും നേതാക്കളുടെയും നിസ്സംഗത നിരാശപ്പെടുത്തുന്നു -അദ്ദേഹം പറഞ്ഞു. അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യം ആവർത്തിച്ച പ്രധാനമന്ത്രി തടവുകാരുടെ മോചനത്തിനുള്ള ഖത്തറിന്റെ മധ്യസ്ഥശ്രമം തുടരുമെന്നും വ്യക്തമാക്കി. അതേസമയം, മേഖലയിലെ തുടർച്ചയായ ബോംബാക്രമണം ഉൾപ്പെടെയുള്ള ആക്രമണം ബന്ദികളുടെ മോചനം സങ്കീർണമാക്കുമെന്നും ഗസ്സയിലെ മനുഷ്യ കൂട്ടക്കൊലയുടെ പ്രത്യാഘാതം ഇരട്ടിയാക്കി വർധിപ്പിക്കുമെന്നും പറഞ്ഞു.
ഗസ്സയിലേക്കുള്ള മാനുഷികസഹായം ഇടതടവില്ലാതെ ലഭ്യമാക്കുന്നതിന് റഫ അതിർത്തി ശാശ്വതമായി തുറക്കാൻ അന്താരാഷ്ട്രസമൂഹത്തിന്റെ നയതന്ത്ര ഇടപെടൽ തുടരണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കുട്ടികൾ, സ്ത്രീകൾ ഉൾപ്പെടെ സിവിലിയൻമാർക്കും ആശുപത്രി, സ്കൂളുകൾ ഉൾപ്പെടെ സ്ഥാപനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരായ ആക്രമണത്തിൽ അദ്ദേഹം രാജ്യത്തിന്റെ ആശങ്ക പങ്കുവെച്ചു. ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായും കൂടിക്കാഴ്ച നടത്തി. അമിരി ദിവാനിൽ നടന്ന കൂടിക്കാഴ്ചയിൽ ഫലസ്തീനിലെ സംഘർഷ സാഹചര്യവും ചർച്ചയായി.
ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണം; അപലപിച്ച് റെഡ് ക്രസന്റ്
ദോഹ: ഗസ്സയിൽ ആരോഗ്യ പ്രവർത്തകർക്കെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി. അൽ ഖുദ്സ് ആശുപത്രിയിൽ ഫലസ്തീൻ റെഡ് ക്രസന്റ് സംഘത്തിനു നേരെയും അൽ ശിഫ, ഇന്തോനേഷ്യൻ ആശുപത്രി എന്നിവക്കെതിരെയുമുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി പ്രതിഷേധം അറിയിച്ചത്. യുദ്ധഭൂമിയിൽ ആരോഗ്യ പ്രവർത്തകരുടെ ജീവന് സംരക്ഷണം നൽകണമെന്ന അന്താരാഷ്ട്ര നിയമങ്ങളുടെയും ജനീവ കൺവെൻഷൻ നിർദേശങ്ങളുടെയും ലംഘനമാണിതെന്നും ക്യു.ആർ.സി.എസ്പ്രസ്താവിച്ചു.
ആണവാക്രമണ പ്രസ്താവന; അപലപിച്ച് ഖത്തർ
ദോഹ: ഗസ്സയിൽ വെടിനിർത്തലിനായി അന്താരാഷ്ട്ര ശ്രമം തുടരുന്നതിനിടെ ആണവാക്രമണ സാധ്യതയുമായി ബന്ധപ്പെട്ട് ഇസ്രായേൽ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് ഖത്തർ. മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. മാജിദ് അൽ അൻസാരി ആഞ്ഞടിച്ചു. ഇത്തരത്തിലുള്ള അസംബന്ധമായ വാക് പ്രയോഗങ്ങൾ സാഹചര്യങ്ങൾ വഷളാക്കുകയേ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു