ദോഹ: അന്താരാഷ്ട്ര സമൂഹത്തിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെയും ആവർത്തിച്ചുള്ള ആവശ്യം തള്ളി ഗസ്സയിലെ നിരപരാധികൾക്കെതിരെ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളിൽ ഞെട്ടലും കടുത്ത പ്രതിഷേധവുമായി എജുക്കേഷൻ എബൗ ഓൾ. കുട്ടികളെ കൊന്നൊടുക്കിയും സ്കൂളുകൾ തകർത്തും ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളെ ഇ.എ.എ കടുത്ത ഭാഷയിൽ അപലപിച്ചു. അവികസിത രാജ്യങ്ങളിലെയും ആഭ്യന്തര യുദ്ധം തകർത്ത ഇടങ്ങളിലെയും അഭയാർഥികൾക്കിടയിലുമെല്ലാം വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അന്താരാഷ്ട്ര സംഘടനയാണ് ഖത്തർ ആസ്ഥാനമായുള്ള എജുക്കേഷൻ എബൗ ഓൾ. ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൻ ശൈഖ മൗസ ബിൻത് നാസർ സ്ഥാപകയായ എജുക്കേഷൻ എബൗ ഓൾ നേതൃത്വത്തിൽ ഗസ്സയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇസ്രായേലിന്റെ ആക്രമണങ്ങളിൽ തകർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ജബലിയ അഭയാർഥി ക്യാമ്പിനുനേരെ നടന്ന ഇസ്രായേൽ ആക്രമണത്തിൽ ഇ.എ.എയുടെ അൽ ഫഖൂറ സ്കൂൾ തകർന്നിരുന്നു. ആക്രമണം നടക്കുമ്പോൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 20,000ത്തോളം പേർ സ്കൂളിലെ അഭയാർഥി ക്യാമ്പുകളിൽ അഭയം തേടിയിരുന്നുവെന്നാണ് ഐക്യരാഷ്ട്രസഭ റിലീഫ് ആൻഡ് വർക്കേഴ്സ് ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ) റിപ്പോർട്ട്. ഒക്ടോബർ ഏഴിന് ആരംഭിച്ച ആക്രമണങ്ങളിൽ 250ഓളം വിദ്യഭ്യാസ സ്ഥാപനങ്ങൾ തകർന്നു. ഗസ്സയിലെ ആകെ സ്കൂളുകളുടെ 40 ശതമാനത്തോളമാണിത്. 2014ലെ ഇസ്രായേലിന്റെ ആക്രമണങ്ങൾക്കു പിന്നാലെ, മേഖലയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ശക്തമാക്കിയ ഇ.എ.എ ഫൗണ്ടേഷനു കീഴിൽ യു.എൻ.ആർ.ഡബ്ല്യു.എയുടെ 43 ഉൾപ്പെടെ, 93 സ്കൂളുകളാണ് നവീകരിച്ചത്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളും തകർത്തുകൊണ്ടാണ് ഇസ്രായേൽ ആക്രമണം തുടരുന്നത്.
സാധാരണക്കാരും കുട്ടികളും അധ്യാപകരും ഉൾപ്പെടെ അഭയം പ്രാപിച്ച സ്കൂളുകൾക്കും മറ്റുമെതിരായ ആക്രമണങ്ങൾ തീർത്തും ദയനീയമാണെന്നും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഇ.എ.എ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. 29 ദിനം പിന്നിട്ട ആക്രമണങ്ങളിൽ ഇതിനകം 4000ത്തോളം കുട്ടികൾ കൊല്ലപ്പെട്ടതായാണ് കണക്ക്. കുട്ടികളുടെ ജീവന് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും മേഖലയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യണമെന്നും ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു