ഐസ്വാൾ: വടക്കുകിഴക്കൻ മേഖലയിൽ കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്തിക്കുന്ന ആദ്യ സംസ്ഥാനം മിസോറാം ആയിരിക്കുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. കോൺഗ്രസ് ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ശക്തമാണ്. അവസരവാദികളെല്ലാം പോയിക്കഴിഞ്ഞു. ബാക്കിയുള്ള അംഗങ്ങളും സ്ഥാനാർഥികളുമെല്ലാം പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോട് കൂറ് പുലർത്തുന്നവരാണ്. അഞ്ചുവർഷമായി കാര്യക്ഷമമല്ലാത്ത സർക്കാരിന്റെ കീഴിൽ മിസോറം കഷ്ടപ്പെടുകയാണ്. ഇത് മാറ്റത്തിനുള്ള സമയമാണ്”- ശശി തരൂർ പറഞ്ഞു.
സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള ക്ഷേമം ഉറപ്പാക്കാൻ യോഗ്യതയുള്ള അനുഭവപരിചയമുള്ള ആളുകളാണ് കോൺഗ്രസിനുള്ളതെന്നും അനുഭവസമ്പത്തുള്ളവർ സംസ്ഥാനം ഭരിക്കുന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. 2018ൽ രൂപികരിക്കപ്പെട്ട സോറം പിപ്പിൾസ് മൂവ്മെന്റിനെയും അദ്ദേഹം വിമർശിച്ചു. അവർ ആരാണെന്നും എങ്ങനെ ഭരിക്കും എന്നും ആർക്കും അറിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
സോറം പിപ്പിൾസ് മൂവ്മെന്റിന് വോട്ട് ചെയ്യുന്നത് പിൻവാതിലിലൂടെ ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നത് പോലെ ആണെന്നും മിസോറാമിലെ ജനങ്ങളെ അറിയുകയും ആവശ്യങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്ന പാർട്ടിക്ക് വോട്ട് ചെയ്യുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെപിയുടെ ഒരു രാഷ്ട്രം-ഒരു സംസ്കാരം-ഒരു മതം-ഒരു തെരഞ്ഞെടുപ്പ് എന്നതിനെ ലക്ഷ്യമിട്ടുകൊണ്ട് കോൺഗ്രസ് എല്ലായ്പ്പോഴും ഇന്ത്യയുടെ നാനാത്വത്തിൽ വിശ്വസിക്കുന്നുണ്ടെന്നും “ഏകത്വമല്ല ഐക്യമെന്ന് ഓർക്കണമെന്നും” തരൂർ പറഞ്ഞു.
ഏതാനും മാസങ്ങൾക്കുള്ളിൽ ദേശീയ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമെന്നും ആ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കാനുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ എന്ന ആശയം തന്നെ ഭീഷണിയിലാണെന്നും വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കേണ്ട സമയമാണിതെന്നും തരൂർ കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു