തിരുവനന്തപുരം: ഭരണഘടനാ മൂല്യങ്ങളെ ജുഡീഷ്യറി ഉയർത്തിപ്പിടിക്കണമെന്ന് സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ. നീതിന്യായ വ്യവസ്ഥ അതിൽ പരാജയപ്പെട്ടാൽ വിധിന്യായങ്ങൾ ചോദ്യം ചെയ്യപ്പെടും. കേരള നിയമസഭാ പുസ്തകോത്സവത്തോടനുബന്ധിച്ച് ‘റോൾ ഓഫ് ദ ജുഡീഷ്യറി ഇൻ പ്രൊട്ടക്റ്റിംഗ് ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഡിഗ്നിറ്റി ഓഫ് ദ സിറ്റിസൺസ്’ എന്ന വിഷയത്തിൽ നടന്ന കെ.എൽ.ഐ.ബി.എഫ്. ടോക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർലമെന്റ് പാസാക്കിയ നിയമനിർമ്മാണത്തെ ചോദ്യം ചെയ്യുന്നതിൽ ജുഡീഷ്യറിക്ക് വലിയ പങ്കുണ്ട്. ജനങ്ങളുടെ അവസാന പ്രതീക്ഷയാണ് ജുഡീഷ്യറി. ഭരണഘടനയുടെ സംരക്ഷകനായി ജുഡീഷ്യറി പ്രവർത്തിക്കണം. ജുഡീഷ്യറിയിൽ സാമൂഹിക പ്രാതിനിധ്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എത്ര സ്ത്രീ, ദളിത്, ഒ.ബി.സി. ജഡ്ജികൾ നീതിന്യായ വ്യവസ്ഥയിലുണ്ടെന്ന് അദ്ദേഹം ചോദിച്ചു.
രാജ്യത്ത് ഫെഡറലിസവും മതേതരത്വവും ജനാധിപത്യവും ഇല്ലാതാക്കപ്പെടുന്നു. എല്ലാ നയങ്ങളുടെയും ലക്ഷ്യം ജനങ്ങളുടെ ക്ഷേമമായിരിക്കണം. ഭരണഘടന രാജ്യത്തിന്റെ അടിസ്ഥാന നിയമമാണ്. തലമുറകൾ പിന്തുടരേണ്ട പല കാര്യങ്ങൾ ഭരണഘടനയിൽ നിർവചിച്ചിട്ടുണ്ട്. പാത കാട്ടുന്ന വെളിച്ചമാണ് ഭരണഘടനയെന്നും ഡി. രാജ പറഞ്ഞു.
നമ്മൾ ഒരു രാജഭരണത്തിന് കീഴിലല്ല ജീവിക്കുന്നത്. നമ്മൾ ഒരു റിപ്പബ്ലിക്ക് രാജ്യത്താണ് ജീവിക്കുന്നത്. ഇന്ത്യൻ പൗരന്മാർക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഉണ്ടായിരിക്കണം. നമ്മൾ അടിമകളല്ലെന്നും നമ്മൾ ഭരണഘടനയുടെ നിർമ്മാതാക്കളാണെന്ന കാര്യം എല്ലാവരും മനസ്സിലാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ബി.ജെ.പിക്ക് ഇലക്ടറൽ ബോണ്ടുകൾ വഴി വൻതുക ലഭിച്ചു. കോർപറേറ്റുകളിൽ നിന്ന് പാർട്ടി എത്ര തുക കൈപ്പറ്റിയെന്ന കാര്യത്തിൽ ഒരു സുതാര്യതയുമില്ല. ഇന്ത്യയെ പുനർനിർവചിക്കാനും ഭരണഘടനയെ അട്ടിമറിച്ച് ഇന്ത്യയിൽ മനുസ്മൃതി കൊണ്ടുവരാനുമാണ് തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൗരത്വ ഭേദഗതി നിയമം, സ്വവർഗ വിവാഹം, ഗുജറാത്ത് കലാപം, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ജി.എസ്.ടി., യു.എ.പി.എ. തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹം സംവദിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു