തിരുവനന്തപുരം: കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നിയമസഭാ ലൈബ്രറിയിൽ ഒരുക്കിയ പ്രദർശനം കാണുന്നതിനും തിരക്കേറുന്നു. ചരിത്രത്തിന്റെ ഭാഗമായ പുസ്തകങ്ങൾ മുതൽ പ്രമുഖ നിയമസഭാ സാമാജികരുടെ പുസ്തകങ്ങൾവരെ ഇവിടെ പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്. ഈമാസം ഏഴുവരെ നീളുന്ന പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്. പ്രദർശനത്തിനൊപ്പം നിയമസഭാ ലൈബ്രറിയുടെ ചരിത്രവും പഠിക്കാനാവും. കേരളം പിറവികൊള്ളുന്നതിന് മുൻപ് തന്നെ നിയമസഭാ ലൈബ്രറി യാഥാർത്ഥ്യമായിരുന്നു. തിരുവിതാംകൂർ ദിവാന്റെ ഓഫീസിൽ തുറന്ന ഒരു ലൈബ്രറിയാണ് 1921ൽ ലെജിസ്ലേറ്റീവ് ലൈബ്രറിയായി മാറിയത്. 1949ൽ ട്രാവൻകൂർ കൊച്ചിൻ അസംബ്ലി ലൈബ്രറിയായി പുനർനാമകരണം ചെയ്യപ്പെട്ടു. 1956 മുതൽ ഈ ചരിത്രം ഉറങ്ങുന്ന നിയമസഭാ ലൈബ്രറി കേരള ലെജിസ്ലേച്ചർ ലൈബ്രറി എന്നറിയപ്പെടുന്നു.
നിയമസഭാ സാമാജികർക്കും നിയമസഭാ ജീവനക്കാർക്കും സെക്രട്ടേറിയറ്റ് ജീവനക്കാർക്കും കേരളത്തിലെ പാർലമെന്റ് അംഗങ്ങൾക്കും അക്രെഡിറ്റഡ് പത്രപ്രവർത്തകർക്കും മാത്രമായിരുന്നു നിയമസഭാ ലൈബ്രറിയിൽ അംഗത്വം നൽകിയിരുന്നത്. പിന്നീട് ലൈബ്രറി അംഗത്വം ഗവേഷണ വിദ്യാർഥികൾ, നിയമ വിദ്യാർഥികൾ, സിവിൽ സർവീസ് ഉദ്യോഗാർഥികൾ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരിലേക്ക് വ്യാപിപ്പിച്ചു.
2021ൽ നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷവേളയിൽ നിയമസഭാ ലൈബ്രറി ജനാധിപത്യവത്കരിക്കണമെന്ന ആശയം കൊണ്ടുവന്നത് അന്നത്തെ സ്‌പീക്കറും ഇപ്പോഴത്തെ മന്ത്രിയുമായ എം.ബി. രാജേഷാണ്. തുടർന്ന് 2022 ലെ കേരള പിറവി ദിനമായ നവംബർ ഒന്ന് മുതൽ നിയമസഭാ ലൈബ്രറിയുടെ വാതിൽ പൊതുജനങ്ങൾക്കും തുറന്നുകൊടുത്തു. ഇതോടെ പൊതുജനങ്ങൾക്ക് കൂടി അംഗത്വം നൽകുന്ന ഇന്ത്യയിലെ ആദ്യ ലെജിസ്ലേറ്റീവ് ലൈബ്രറി എന്ന നേട്ടം കേരള നിയമസഭാ ലൈബ്രറി സ്വന്തമാക്കി. ബിരുദമുള്ളവർക്കാണ് നിലവിൽ നിയമസഭാ ലൈബ്രറിയിൽ നിന്നും അംഗത്വം ലഭിക്കുന്നത്. ഇതിനോടകം നൂറോളം പേർ ലൈബ്രറിയിൽ അംഗത്വമെടുത്തിട്ടുണ്ട്.
1888 മുതൽക്കുള്ള നിയമസഭയുടെ സമഗ്രമായ ചരിത്രം ശേഖരിച്ചിട്ടുള്ള ഒരേയൊരു ലൈബ്രറിയാണ് കേരള നിയമസഭാ ലൈബ്രറി. നിയമസഭയിലെ നടപടിക്രമങ്ങൾ, വിവിധ കമ്മീഷനുകളുടെയും കമ്മിറ്റികളുടെയും റിപ്പോർട്ടുകൾ, പാസ്സാക്കിയ ബില്ലുകൾ, ബുള്ളറ്റിനുകൾ തുടങ്ങിയ നിരവധി രേഖകൾ ഇവിടെ ലഭിക്കും. 1957 മുതൽ കേരള നിയമസഭ കൊണ്ടുവന്ന നിയമങ്ങൾ കാലാനുക്രമത്തിൽ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ശ്രീമൂലം പ്രജാസഭ, തിരുവിതാംകൂർ- കൊച്ചി നിയമസഭ, തിരുവിതാംകൂർ ശ്രീചിത്ര സ്റ്റേറ്റ് കൗൺസിൽ തുടങ്ങിയ നിയമനിർമ്മാണ സഭകളുടെ നിയമങ്ങൾ, ചട്ടങ്ങൾ, വിളംബരങ്ങൾ, മറ്റ് നടപടി രേഖകളെല്ലാം അതാത് രൂപത്തിൽ തന്നെ സൂക്ഷിച്ചിട്ടുണ്ട്. പ്രശസ്ത ധനതത്വ ശാസ്ത്രകാരൻ ആദം സ്മിത്തിന്റെ 1849 ൽ പ്രസിദ്ധീകരിച്ച ‘ആൻ ഇൻക്വയറി ഇൻടു ദി നേച്ചർ ആൻഡ് കോസസ് ഓഫ് വെൽത്ത് ഓഫ് നേഷൻസ്’ ആണ് ലൈബ്രറിയിൽ ലഭ്യമായ ഏറ്റവും പഴയ പുസ്തകം.
കൂടാതെ http://klaproceedings.niyamasabha.org/ എന്ന വെബ്‌സൈറ്റിൽ ലൈബ്രറി രേഖകളുടെ ഡിജിറ്റൽ ആർക്കൈവ്‌സ് ലഭ്യമാകും. പാർലമെന്റ് ലൈബ്രറിയിലെ ചിൽഡ്രൻസ് കോർണറിന്റെ മാതൃകയിൽ നിയമസഭാ സംവിധാനങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെപ്പറ്റിയും കുട്ടികളിൽ കൂടുതൽ ആഭിമുഖ്യം വളർത്തുകയെന്ന ലക്ഷ്യത്തോടെ കുട്ടികൾക്കായുള്ള പ്രത്യേക വിഭാഗവും നിയമസഭാ ലൈബ്രറിയിൽ പ്രവർത്തിക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















