തിരുവനന്തപുരം: കെ.പി.സി.സി വിലക്ക് ലംഘിച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചതിന് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരാകണം. അദ്ദേഹത്തിന്റെ ഭാഗം കേട്ടതിനുശേഷം തീരുമാനമെടുക്കുമെന്ന് അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ഇന്ദിരാഭവനില്‍ ചേരുന്ന സമിതിയുടെ മുന്‍പാകെയാണ് ആര്യാടന്‍ ഹാജരാകേണ്ടത്. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ അച്ചടക്ക സമിതി പരിശോധിക്കും. ഇതിന് പിന്നാലെ വിഷയത്തിൽ തീരുമാനമെടുക്കുമെന്നും തിരുവഞ്ചൂർ അറിയിച്ചു.
കെപിസിസി വിലക്ക് അവഗണിച്ചാണ് ഷൗക്കത്ത് റാലി നടത്തിയത്. നടപടിയെന്താണെന്ന് അച്ചടക്കസമിതി തീരുമാനിക്കുമെന്ന് കെ. സുധാകരന് പറഞ്ഞു. അച്ചടക്കസമിതിയുടെ ശിപാര്‍ശ അംഗീകരിക്കുകയാണ് തന്റെ ഉത്തരവാദിത്തം. സമിതി ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം അറിയിക്കുമെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.
കെ.പി.സി.സി നൽകിയ വിശദീകരണ നോട്ടീസിന് ആര്യാടൻ ഷൗക്കത്ത് മറുപടിനൽകിയിരുന്നു. റാലി ഒഴിവാക്കിയിരുന്നെങ്കിൽ പാർട്ടിക്ക് ഗുണത്തേക്കാളേറെ ദോഷമുണ്ടാകുമായിരുന്നുവെന്നായിരുന്നു വിശദീകരണം. മതപണ്ഡിതന്മാരടക്കം പങ്കെടുക്കാമെന്ന് സമ്മതിച്ച റാലിയിൽനിന്ന് പിന്മാറിയിരുന്നെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമായിരുന്നെന്ന് അദ്ദേഹം മറുപടിയിൽ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















