തിരുവനന്തപുരം: പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ലീഗിനെ വീണ്ടും ക്ഷണിച്ച് സി.പി.എം. തങ്ങളുടേത് അവസരവാദ നിലപാടല്ലെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി. നവംബര്‍ 11-ന് കോഴിക്കോട്ടുവെച്ചാണ് സി.പി.എമ്മിന്റെ പലസ്തീന് ഐക്യദാര്‍ഢ്യ സമ്മേളനം.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യ സന്ദർശിക്കുന്ന തീയതികളിൽ പ്രതിഷേധം സംഘടിപ്പിക്കും. വിശാലമായ രീതിയിലാണ് റാലി വിഭാവനം ചെയ്തത്. മുസ്ലിം ലീഗ് ഉള്‍പ്പെടെ പങ്കെടുക്കുന്നതിനായുള്ള നിലപാടാണ് തങ്ങള്‍ സ്വീകരിച്ചത്. രാജ്യത്ത് ഉയര്‍ന്നുവരുന്ന ജനരോഷത്തിന്റെ പശ്ചാത്തലത്തിലാണ് പലസ്തീന് റാലിയില്‍ പങ്കെടുക്കുമെന്ന് ഇ.ടി പറഞ്ഞത്. മുദ്രാവാക്യത്തോട് താത്പര്യമുണ്ടെന്ന് കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയതാണ്, ഗോവിന്ദൻ പറഞ്ഞു.
സാങ്കേതിക കാരണങ്ങളാല്‍ പങ്കെടുക്കില്ലെന്നാണ് ലീഗ് നിലപാട്. ഈ സാങ്കേതിക കാര്യം കോണ്‍ഗ്രസിന്റെ വിലക്കാണെന്നും ഗോവിന്ദൻ പറഞ്ഞു. കേരളത്തിലുടനീളം ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിക്കും. ആര്യാടന് ഷൗക്കത്തിനേപ്പോലെ ചിന്തിക്കുന്ന കോണ്‍ഗ്രസുകാരേയും ക്ഷണിക്കും. പലസ്തീന് ഐക്യദാര്‍ഢ്യവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നില്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഹിന്ദുത്വ ശക്തികളുമായി കോൺഗ്രസ് കൂടുന്ന വാർത്തകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമ്പത്തിക നയങ്ങള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്ന അദാനിയും അംബാനിയും ഉള്‍പ്പെടെയുള്ളവര്‍ക്കുവേണ്ടി കോണ്‍ഗ്രസ് പിന്തുടര്ന്നുവന്ന ഉദാരമായ സാമ്പത്തിക നയം ബി.ജെ.പിയും പിന്തുടരുന്നു. ഇപ്പോള്‍, വിദേശനയത്തിലും അവസാനം ഇരുവരും ഒരേ നിലപാടിലേക്കെത്തി.
ഇതിൽനിന്ന് വ്യത്യസ്തമായി ഒരു നിലപാടും സ്വീകരിക്കാന്‍ കോണ്‍ഗ്രസിനാകുന്നില്ല. കേരളത്തിനകത്ത് ഒരു നയവും, സംസ്ഥാനത്തിന് പുറത്ത് മറ്റൊരു നയവും സ്വീകരിക്കുന്നത് കോണ്‍ഗ്രസ് സാധാരണ പറയുന്ന കാര്യമാണ്. എന്നാല്‍, പലസ്തീന് വിഷയത്തില്‍ അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന നേതൃത്വവും സ്വീകരിക്കുന്നത് പലസ്തീന് വിരുദ്ധ നിലപാടാണെന്നും ഗോവിന്ദൻ ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു