കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ജോലി ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 2023ല്‍ 30 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ ഒക്ടോബര്‍ മാസം വരെയുള്ള കണക്കനുസരിച്ച് സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ 3.61 ലക്ഷത്തിലധികം ഇന്ത്യന്‍ തൊഴിലാളികളാണ് രാജ്യത്ത് ഗാര്‍ഹിക മേഖലയില്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2023ല്‍ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം ഏകദേശം 30 ശതമാനം വര്‍ധിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചി അറബ് ദിനപത്രമായ അല്‍റായി റിപ്പോര്‍ട്ട് ചെയ്തു.
കുവൈറ്റില്‍ ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികളുടെ ആകെ എണ്ണം 2021 അവസാനത്തോടെ 5,83,000 ആയിരുന്നത് ഒക്ടോബറില്‍ 8,11,000 ആയി ഉയര്‍ന്നു. രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികളുടെ ആവശ്യം വര്‍ധിച്ചതാണ് റിക്രൂട്ട്മെന്റ് വര്‍ധിക്കാന്‍ കാരണമെന്ന് ഗാര്‍ഹിക തൊഴിലാളി കാര്യങ്ങളിലെ വിദഗ്ധന്‍ ബാസം അല്‍ഷമ്മരി അല്‍റായിയോട് വിശദീകരിച്ചു.
രാജ്യത്തെ ഗാര്‍ഹിക മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണത്തില്‍ ഇന്ത്യ ബഹുദൂരം മുന്നിലാണ്. ഇന്ത്യയില്‍ നിന്നുള്ള 3,61,222 ഗാര്‍ഹിക തൊഴിലാളികളാണ് കുവൈറ്റില്‍ ജോലി ചെയ്യുന്നത്. ഇവരില്‍ 71.3 ശതമാനം പുരുഷന്മാരും 28.7 ശതമാനം സ്ത്രീകളുമാണ്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഫിലിപ്പീന്‍സിനേക്കാള്‍ 1,60,000 ഇന്ത്യക്കാര്‍ കൂടുതലുണ്ട്.
റിക്രൂട്ട്മെന്റ് നിരോധനം ഉണ്ടായിരുന്നിട്ടും കുവൈറ്റിലെ ഫിലിപ്പീന്‍സില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ രണ്ടാമത്തെ വലിയ ഗ്രൂപ്പായി തുടരുന്നു. ആകെ 201,000 പേര് ജോലി ചെയ്യുന്നു. ഫിലിപ്പീന്‍സില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളില്‍ 99.4 ശതമാനം സ്ത്രീകളാണ് എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയില്‍ നിന്നുള്ള പുരുഷന്മാര് 71.3 ശതമാനമാണെങ്കില്‍ ഫിലിപ്പീന്‍സ് പുരുഷന്മാന് 0.6 ശതമാനം മാത്രമാണ്.
ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ ശ്രീലങ്കയാണ് മൂന്നാംസ്ഥാനത്ത്. കഴിഞ്ഞ ഒക്ടോബര്‍ മാസം വരെയുള്ള കണക്ക് പ്രകാരം 103,685 ശ്രീലങ്കന്‍ തൊഴിലാളികള്‍ രാജ്യത്തുണ്ട്. ഇവരില്‍ 79.4 ശതമാനം സ്ത്രീകളാണ്. 20.6 ശതമാനമാണ് പുരുഷന്മാര്.
ബംഗ്ലാദേശുകാരായ 85,989 തൊഴിലാളികളില്‍ 99 ശതമാനം പുരുഷന്മാരാണ്. അഞ്ചാംസ്ഥാനത്തുള്ള നേപ്പാളില്‍ നിന്ന് 25,540 പേരും (4.7 ശതമാനം പുരുഷന്മാര്. 95.3 ശതമാനം സ്ത്രീകള്‍) എത്യോപ്യയില്‍ നിന്ന് 11,684 പേരും (8.2 ശതമാനം പുരുഷന്മാര്. 91.8 ശതമാനം സ്ത്രീകള്‍) കുവൈറ്റിലെ ഗാര്‍ഹിക മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്.
അനുമതിയില്ലാതെ പ്രവര്‍ത്തിച്ച ഒമ്പത് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സേവന ഓഫിസുകള്‍ അടുത്തിടെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അടച്ചുപൂട്ടിയിരുന്നു. ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശ പ്രകാരം തൊഴില്‍ മേഖല നിയമാനുസൃതമാക്കുന്നതിനുള്ള നടപടികള്‍ കുവൈറ്റ് ശക്തമാക്കിയിട്ടുണ്ട്. സുരക്ഷാ വിഭഗങ്ങളിലെയും തൊഴില്‍ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ പരിശോധന നടത്തി അനധികൃത തൊഴിലാളികളെ നാടുകടത്തുന്നത് തുടരുകയാണ്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ 3,848 പേരെയും സപ്തംബറില്‍ 3,837 പേരെയും നാടുകടത്തി.
ഈ വാർത്തകൂടി വായിക്കൂ….രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം: മുഖ്യമന്ത്രി
കുവൈറ്റിലെ ജനസംഖ്യ 46 ലക്ഷമാണ്. 34 ലക്ഷം പ്രവാസികളും രാജ്യത്ത് കഴിയുന്നു. സര്‍ക്കാര്‍ മേഖലയില്‍ പരമാവധി സ്വദേശികളെ നിയമിക്കാനും സ്വകാര്യമേഖലയില്‍ വിദേശികളെ ആശ്രയിക്കുന്നത് കുറച്ച് കൊണ്ടുവന്ന് സ്വദേശിവത്കരണം ശക്തിപ്പെടുത്താനും ഭരണകൂടം ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്റില്‍ കുറവൊന്നും ഉണ്ടായിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു